യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേ ഓപ്പറേറ്ററായി ഇറ്റലിയിലെ ട്രേനിറ്റാലിയ
Mail This Article
റോം ∙ യൂറോപ്യൻ എൻജിഒ ട്രാൻസ്‌പോർട്ട് ആൻഡ് എൻവയോൺമെന്റ് (ടിആൻഡ്ഇ) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച റെയിൽവേ ഓപ്പറേറ്ററായി ഇറ്റലിയിലെ 'ട്രേനിറ്റാലിയ'യെ തിരഞ്ഞെടുത്തു.
ടിക്കറ്റ് നിരക്ക്, വിശ്വാസ്യത, ബുക്കിങ് അനുഭവം എന്നിവയുൾപ്പെടെ എട്ടു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി യൂറോപ്പിലെ മികച്ച 27 റെയിൽവേ ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ട്രേനിറ്റാലിയ ഒന്നാമത്തെത്തിയത്. ട്രേനിറ്റാലിയ യൂറോപ്പിലെ ഏറ്റവും മികച്ച ഗുണനിലവാര - ടിക്കറ്റ് നിരക്ക് അനുപാതം വാഗ്ദാനം ചെയ്യുന്നതായും സൈക്കിളുമായി യാത്രചെയ്യുന്നവർക്കുള്ള ഓഫർ ഒഴികെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ചതായും പഠനം കണ്ടെത്തി.
സ്വിസ് കമ്പനിയായ എസ്ബിബി ആണ് രണ്ടാം സ്ഥാനത്ത്. ചെക്ക് റെയിൽവേ ഓപ്പറേറ്റർ റെജിയോജെറ്റ്, ഓസ്ട്രിയയുടെ ഒബിബി, ഫ്രാൻസിന്റെ എസ്‌സിഎൻഎഫ് എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ. ബെൽജിയം, ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, യുകെ എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽ സേവനമായ യൂറോസ്റ്റാർ, റിപ്പോർട്ടിൽ അവസാന സ്ഥാനത്താണ്.