വിദേശ രോഗികളുടെ 112 മില്യൻ പൗണ്ടിന്റെ ബില്ല് എഴുതി തള്ളി എൻഎച്ച്എസ് ആശുപത്രികൾ
Mail This Article
ലണ്ടൻ ∙ വിദേശികളായ രോഗികൾ അടയ്ക്കാനുള്ള 112 മില്യൻ പൗണ്ടിന്റെ ചികിത്സാ ബില്ല് എഴുതി തള്ളി ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികൾ. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ എൻഎച്ച്എസിന്റെ വിവിധ ട്രസ്റ്റുകളുടെ കീഴിൽ ചികിത്സ തേടിയവരുടെ ബില്ലാണ് എഴുതി തള്ളിയത്.
പലവിധേനെയും ബില്ല് ഈടാക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ തുക വേണ്ടെന്നു വയ്ക്കാൻ ട്രസ്റ്റുകൾ തീരുമാനിച്ചത്. അന്വേഷണത്തിൽ പല രോഗികൾക്കും ബില്ല് അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ തുക എഴുതി തള്ളാൻ ട്രസ്റ്റുകൾ തീരുമാനം എടുത്തത്.
ബ്രിട്ടനിൽ സ്ഥിരതാമസക്കാരല്ലാത്ത എല്ലാവരുടെയും പക്കൽനിന്നും അടിയന്തരമല്ലാത്ത എല്ലാ ചികിത്സയ്ക്കും പണം ഈടാക്കണമെന്നാണ് എൻഎച്ച്എസിന്റെ നിയമം. ഇത് ശരിയല്ലെന്ന് വാദിക്കുന്നവർ ഏറെയാണ്. ടൂറിസ്റ്റുകളായും ബിസിനസ് ആവശ്യങ്ങൾക്കും മറ്റും എത്തി ആവശ്യമായ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ചികിത്സ തേടുന്നവർ പണം അടയ്ക്കാതെ മടങ്ങുന്നത് സ്ഥിരം പരിപാടിയാണ്. പലരും ഇൻഷുറൻസ് നമ്പറും മറ്റും നൽകി മടങ്ങുമെങ്കിലും പണം ആവശ്യപ്പെടുന്ന ഘട്ടം എത്തുമ്പോൾ ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിലെ വിലാസത്തിൽ ബന്ധപ്പെടുമ്പോൾ പണം അടയ്ക്കാൻ നിവർത്തിയില്ലെന്നു പറയുന്നവരും ഏറെയാണ്.
ലണ്ടനിലെ പ്രധാനപ്പെട്ട 32 ആശുപത്രികളിലെ മാത്രം ഇത്തരത്തലുള്ള അഞ്ചുവർഷത്തെ ബില്ല് 223 മില്യൻ പൗണ്ടാണ്. ഇതിൽ 112 മില്യൻ പൗണ്ടാണ് തിരിച്ചു കിട്ടാൻ ഒരു സാധ്യതയുമില്ലാത്തതിനാൽ എഴുതി തള്ളുന്നത്. വിദേശികൾക്ക് ബ്രിട്ടനിലെ എല്ലാ ആശുപത്രികളിലും അടിയന്തര ഘട്ടത്തിൽ ചികിത്സ സൗജന്യമാണ്. ഇതിനു പുറമെയുള്ള മറ്റു ചികിത്സകൾക്കു മാത്രമാണ് ട്രസ്റ്റുകൾ തുക ഈടാക്കുക. ഇത് എൻഎച്ച്എസിന്റെ സാധാരണ ചികിത്സാ ചെലവിനേക്കാൾ 50 ശതമാനം കൂടുതലും ആയിരിക്കും. അഡ്മിനിസ്ട്രേറ്റീവ് ചാർജും മറ്റും കണക്കുകൂട്ടിയാണ് ഇത്തരത്തിൽ 50 ശതമാനം തുക അധികം ഈടാക്കുന്നത്. ചികിത്സ കഴിഞ്ഞ് രോഗികൾ വിദേശത്തേക്ക് മടങ്ങിയാൽ പിന്നെ ഈ തുക പിരിച്ചെടുക്കുക ശ്രമകരമായ ദൗത്യമാണ് ഇതും ബില്ല് കൂട്ടാൻ പ്രേരണയാകുന്നുണ്ട്.
ബാട്സ് ഹെൽത്ത്-35.3 മില്യൻ, കിംങ്സ് കോളജ്- 17.22 മില്യൻ, സെന്റ് തോമസ് ആൻഡ് ഗൈസ് -9.5 മില്യൻ, ഇംപീരിയൽ കോളജ് ഹെൽത്ത് കെയർ- 7.8 മില്യൻ, ബാർക്കിംങ്, ഹാവറിങ് ആൻഡ് റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി- 7.56 മില്യൻ, യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ- 5.72 മില്യൻ, ചെൽസി ആൻഡ് വെസ്റ്റ്മിനിസ്റ്റർ- 4.5 മില്യൻ, ലണ്ടൻ നോർത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി- 3.61 മില്യൻ, സെന്റ് ജോർജ് യൂണിവേഴ്സിറ്റി- 2.36 മില്യൻ, ക്രോയ്ഡൺ ഹെൽത്ത് സർവീസ്- 1.4 മില്യൻ എന്നിവയാണ് വിദേശ രോഗികളുടെ ബില്ല് എഴുതിതള്ളിയ പ്രധാന ട്രസ്റ്റുകൾ. ഏറ്റവും വലിയ തുക എഴുതിത്തള്ളിയ റോയൽ ലണ്ടൻ, ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, വിപ്ക്രോസ്, തുടങ്ങിയ ആശുപത്രികൾ അടങ്ങിയ ബാട്സ് ഹെൽത്ത് ട്രസ്റ്റിനു കീഴിൽ ചികിത്സ തേടിയെത്തുന്ന വിദേശികളിൽ അധികവും ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലദേശും ശ്രീലങ്കയും അടങ്ങുന്ന സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഉള്ളവരാണ്.