റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവം നവംബർ 30ന് ജിദ്ദയിൽ കൊടിയേറും
Mail This Article
ജിദ്ദ ∙ പത്തു ദിവസം നീണ്ടുനിൽക്കുന്ന റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മൂന്നാമത് എഡിഷൻ നവംബർ 30ന് ജിദ്ദയിൽ കൊടിയേറും. ചലച്ചിത്രോൽസവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിലും പുറത്തുമായാണ് ഫെസ്റ്റിവൽ നടക്കുക. സംവാദങ്ങളും ശിൽപശാലകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിൽ നിന്നുള്ള സിനിമകളും അറബ്, ആഫ്രിക്കൻ, ഏഷ്യൻ സിനിമകളും പരിചയപ്പെടുത്തും.
പ്രമുഖ ഓസ്‌ട്രേലിയൻ സംവിധായകൻ ബാസ്‌ലുഹ്ർമാനാണ് ഇത്തവണ സിനിമകളുടെ വിധികർത്താവ്. എഴുത്തുകാരൻ, നിർമാതാവ് എന്ന നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എൽവിസ് എന്ന പ്രശസ്ത സിനിമയിലൂടെ കൂടുതൽ ശ്രദ്ധേയനായി. സിനിമയ്ക്ക് വേണ്ടി സംഗീതം എങ്ങനെ ചിട്ടപ്പെടുത്താമെന്ന് പരിശീലിപ്പിക്കുന്ന മ്യൂസിക് ഫോർ ഫിലിം, ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടിക്കൊപ്പമുണ്ടാകും. ആഗോള പുരസ്‌കാരം നേടിയ ചലച്ചിത്ര സംഗീത സംവിധായകരുടെ സാന്നിധ്യവും സംഗീത പരിപാടിയെ സവിശേഷമാക്കും.
നവംബർ 30 മുതൽ ഡിസംബർ 9 വരെയാണ് ഫിലിം ഫെസ്റ്റിവൽ. കഴിഞ്ഞ വർഷം 66 രാജ്യങ്ങളിൽ നിന്നുള്ള 143 സിനിമകളാണ് പ്രദർശിപ്പിച്ചത്. രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ മൊത്തം 39,410 പ്രേക്ഷകരാണ് പങ്കാളികളായത്. ഇന്ത്യയിൽ നിന്നുൾപ്പെടെ 4345 ചലച്ചിത്ര പ്രവർത്തകരും ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു.
ഇത്തവണയും മികച്ച ലോക സിനിമയ്ക്കുള്ള ഗോൾഡൻ യുസ്ര് അവാർഡായിരിക്കും മേളയിലെ പ്രധാന ആകർഷണം. ഹോളിവുഡിൽ നിന്നുള്ള പ്രമുഖ സിനിമകളും മൽസരത്തിൽ മാറ്റുരയ്ക്കും. ബോളിവുഡ് നടീനടന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരിക്കും. ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി റെഡ് സീ സൂഖ് എന്ന പേരിലുള്ള പ്രദർശനം കലയുടെയും സംസ്‌കാരത്തിന്റെയും മേഖലയിൽ സൗദി അറേബ്യ നൽകിയ സംഭാവനകളുടെ സമുച്ചയമായിരിക്കുമെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ സി. ഇ. ഒ മുഹമ്മദ് അൽ തുർക്കി പറഞ്ഞു.