മധ്യാഹ്ന വിശ്രമനിയമം ലംഘിച്ച 49 കമ്പനികള്‍ക്കെതിരെ നടപടിയുമായി മസ്‌കത്ത്
Mail This Article
മസ്‌കത്ത് ∙ മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ ശേഷി മന്ത്രാലയം. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിയമം ലംഘിച്ച 49 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രാലയം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇതിനോടകം 143 ഫീല്‍ഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്നും നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് മന്ത്രാലയം.
ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് പുറം തൊഴിലെടുക്കുന്നവര്‍ക്ക് മന്ത്രാലയം മധ്യാഹ്ന വിശ്രമം അനുവദിച്ചിട്ടുള്ളത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണ്.
പുറം തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.