ഒമാനിൽ നിയമഭേദഗതി: മലയാളികൾ വലിയ തോതില്‍ നിക്ഷേപം ഇറക്കി സംരംഭങ്ങള്‍ ആരംഭിച്ച മേഖലകളിലും ഇനി സ്വദേശികൾ മാത്രം; തിരിച്ചടി
Mail This Article
മസ്കത്ത് ∙ കൂടുതല്‍ വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഗ്രോസറി സ്റ്റോറുകള്‍, ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന, മൊബൈല്‍ കഫെ അടക്കം മലയാളികളടക്കം വലിയ തോതില്‍ നിക്ഷേപം ഇറക്കുകയും സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന മേഖലകളിലാണ് നിക്ഷേപം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
209/2020 മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. വിദേശ മൂലധന നിക്ഷേപം നിയമത്തിലെ അനുച്ഛേദം 14ന് അനുസൃതമായാണ് പുതിയ തീരുമാനം. ഒമാനി സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണന. തങ്ങളുടെ പദ്ധതികള്‍ സ്ഥാപിക്കുന്നതിന് ഒമാനികള്‍ക്ക് ഇളവ് നല്‍കുന്നതും പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പുതിയ നീക്കത്തിന്റെ ലക്ഷ്യങ്ങളാണ്.
പുതുതായി 28 വാണിജ്യ പ്രവര്‍ത്തനങ്ങളാണ് ഒമാനികള്‍ക്ക് മാത്രമാക്കിയത്. ഇതോടെ, വിദേശ നിക്ഷേപകരെ തടയുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 123 ആയി. ഇവയില്‍ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കൂ. നിയമമനുസരിച്ച് കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവുമുണ്ട്. അതേസമയം, രണ്ടായിരത്തിലേറെ വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്.
∙ പുതുതായി നിരോധിച്ച വാണിജ്യ മേഖലകള്‍
ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന, മൊബൈല്‍ കഫെ, ശുദ്ധജല മത്സ്യകൃഷി, മെയില്‍ബോക്സ് വാടക സേവനങ്ങള്‍, പൊതു ക്ലര്‍ക്കുമാരുടെ സേവനങ്ങള്‍, സാന്‍ഡ് സര്‍വീസ് സെന്റര്‍, പാചക ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും, ബാറ്ററികളും ഉപയോഗിച്ച ഓയിലും ശേഖരിക്കല്‍, ഗ്രോസറി സ്റ്റോറുകള്‍, തോല് ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങള്‍, പൂക്കളും സസ്യങ്ങളും ചതച്ചെടുത്തുള്ള കരകൗശല ഉത്പന്നങ്ങള്‍, കുന്തിരിക്ക വെള്ളവും എണ്ണയും ഉത്പാദിപ്പിക്കാനുള്ള കരകൗശല ഉത്പന്നങ്ങള്‍ തയാറാക്കല്‍, പനയോലകളില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങല്‍, മരത്തില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങള്‍, സുഗന്ധദ്രവ്യം നിര്മിക്കലും തയ്യാറാക്കലും, കോസ്മെറ്റിക്സിനും സുഗന്ധദ്രവ്യങ്ങള്ക്കുമുള്ള കരകൗശല ഉത്പന്നങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, ചീനപ്പിഞ്ഞാണം എന്നിവയില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിക്കല്‍, കല്ല്, ചുണ്ണാമ്പ് എന്നിവയില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങള്‍, വെള്ളി, ചെമ്പ്, ലോഹങ്ങള്‍, അലൂമിനിയം എന്നിവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങള്‍, പരമ്പരാഗത വേട്ട ഉപകരണങ്ങള്‍ക്കുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിക്കല്‍, എല്ലുകളില്‍ നിന്നുള്ള കരകൗശല ഉത്പന്നങ്ങള്‍.
കെട്ടിട അവശിഷ്ട വസ്തുക്കള്‍ക്കുള്ള (ഇരുമ്പ് അവശിഷ്ട വ്യാപാരവും ഉള്‍പ്പെടും) പ്രത്യേക കടകളിലെ ചില്ലറ വ്യാപാരം, ചര്‍മ സംരക്ഷണ സേവനങ്ങള്‍, ഇവന്റ് വസ്തുക്കളും ഫര്‍ണിച്ചറും വാടകക്ക് കൊടുക്കല്‍, കുടിവെള്ളത്തിനുള്ള പ്രത്യേക കടകളിലെ ചില്ലറ വില്‍പ്പന (ഉത്പാദനവും ഗതാഗതവും ഇതില്‍ പെടില്ല), ചെടിവളര്ത്തല്, അലങ്കാരം എന്നീ ഉദേശ്യങ്ങള്ക്കുള്ള സസ്യങ്ങളും തൈകളും വളര്‍ത്തല്‍ (നഴ്സറികള്‍).