'രാഷ്ട്രീയം എന്റെ വഴിയല്ല, സരിന് പിന്തുണ നൽകാനായി നാട്ടിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ല': ഡോ.സൗമ്യ
Mail This Article
ദുബായ് ∙ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ 50 കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെ വന്ന മോശം കമന്റുകളാണ് സമുഹമാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് വിട്ട പി.സരിന്റെ ഭാര്യയും യുഎഇയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുമായ സൗമ്യ സരിൻ മനോരമ ഓൺലൈനോട് പറഞ്ഞു.
കമന്റ്സ് എന്തായാലും ഇനിയും വന്നേക്കും. അതു നിര്‍ത്താൻ വേണ്ടിയിട്ട പോസ്റ്റല്ല അത്. ഞാനെന്റെ അഭിപ്രായവും നിലപാടും വ്യക്തമാക്കി എന്നേയുള്ളൂ. സമൂഹമാധ്യമത്തിലെ വിഷയങ്ങൾ ഒരു പോസ്റ്റിട്ടതുകൊണ്ട് മാത്രം നിലയ്ക്കുന്നതല്ലെന്നറിയാം. മോശം കമന്റുകൾ വരുന്നതിൽ എനിക്ക് പരാതിയുമില്ല. അതു വന്നുകൊണ്ടിരിക്കും. അത് അതിന്റെയൊരു ഭാഗമാണ്. അത്തരം കമന്റുകൾ നേരിടാൻ തയാറായതുകൊണ്ടാണ് ഞാൻ സമൂഹമാധ്യമത്തിൽ സജീവമായത്. അതു നേരിടാനുള്ള പ്രതിരോധശക്തി എനിക്കുണ്ട്.
സമൂഹമാധ്യമത്തിൽ സജീവമാകുന്നവർക്ക് ആ പ്രതിരോധശക്തിയുണ്ടായിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അവർ പറഞ്ഞു. സരിന് പിന്തുണ നൽകാനായി നാട്ടിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഷ്ട്രീയം എന്റെ വഴിയല്ല. അതെന്റെ ഭർത്താവിന്റെ ജോലിയാണ്. എന്റേത് ഡോക്ടർ ജോലിയാണ്. അത് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു. ബാക്കിയെല്ലാ കാര്യങ്ങളും സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാവുന്നതേയുള്ളൂ.
ഇപ്പോൾ നടക്കുന്ന വിവാദമൊന്നും എന്നെ ബാധിക്കുന്നതല്ല. ആ സ്ഥാനാർഥികൾ അക്കാര്യങ്ങളെല്ലാം തീരുമാനിച്ച് മുന്നോട്ടുപോകട്ടെ. സമൂഹമാധ്യമത്തിലുള്ളതുകൊണ്ടായിരിക്കാം ഇക്കാര്യങ്ങളിൽ എന്നെ വലിച്ചിഴയ്ക്കുന്നത്. എന്നാൽ അതിലെനിക്ക് താത്പര്യമില്ല. ഞാനിതിൽ നിന്നൊക്കെ വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നത്. പറയാനുള്ളതൊക്കെ ഞാൻ കൃത്യമായി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ ഇതിന് മുൻപും തന്നെ പല രീതിയിൽ ആക്രമിച്ചിട്ടുണ്ടെന്ന് ഡോ.സൗമ്യ പറഞ്ഞു. അതൊക്കെ എന്നെ ശക്തയാക്കിയിട്ടേയുള്ളൂ. അതുകൊണ്ടൊന്നും പേടിച്ചോടുന്ന വ്യക്തിയല്ല. ഭാര്യ ചെയ്തതിന് ഭർത്താവിനെയോ ഭർത്താവ് ചെയ്തതിന് ഭാര്യയെയോ ചീത്ത വിളിക്കേണ്ട കാര്യമല്ല. മനുഷ്യരെ ഓരോ വ്യക്തികളായി കാണാൻ എല്ലാവരും ശീലിക്കണം. ആശുപത്രിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സരിനെ പോയി ചീത്തവിളിച്ചിട്ട് കാര്യമില്ലല്ലോ. അദ്ദേഹത്തിന്റെ പ്രഫഷനാണ് രാഷ്ട്രീയം. എന്റെ പ്രഫഷൻ വേറെ.
50 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ പ്രാധാന്യം പോലും നോക്കാതെ വിഡിയോയ്ക്ക് താഴെ വന്ന് ചിലർ മോശം കമന്റിട്ടതാണ് തനിക്ക് മാനസിക വിഷമമുണ്ടാക്കിയതെന്നും അതുകൊണ്ടാണ് ആ പോസ്റ്റിട്ടതെന്നും ഡോ.സൗമ്യ വ്യക്തമാക്കി. കഴിഞ്ഞ 2 വർഷത്തോളമായി ഡോ.സൗമ്യ സരിൻ യുഎഇയിലാണ് സേവനമനുഷ്ഠിക്കുന്നത്.