ലോകബാങ്ക് ആഗോള ഭരണ സൂചികയിൽ ഖത്തറിന് ഒന്നാം സ്ഥാനം
Mail This Article
ദോഹ ∙ ലോകബാങ്ക് പുറത്തിറക്കിയ 2024ലെ മേഖലയിലെ പ്രധാന ആഗോള ഭരണ സൂചികകളിൽ ഖത്തറിന് ഒന്നാം സ്ഥാനം. രാഷ്ട്രീയ സ്ഥിരത സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ച 80.19 ശതമാനവുമായാണ് ഖത്തർ ഒന്നാം സ്ഥാനത്തെത്തിയതെന്ന് ഖത്തർ നാഷനൽ പ്ലാനിങ് കൗൺസിൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഭരണപരമായ സുസ്ഥിരതയും വികസനം ഫലപ്രദമായി കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ ക്രിയാത്മകമായ ശ്രമങ്ങളാണ് ആഗോള ഭരണ സൂചികകളിൽ ഖത്തറിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായകരമായത്.
ലോകബാങ്ക് പുറത്തിറക്കിയ 2023ലെ കണക്കുകൾ പ്രകാരം, റെഗുലേറ്ററി ക്വാളിറ്റി ഇൻഡക്‌സിൽ 81.13 ശതമാനവും സർക്കാർ കാര്യക്ഷമത സൂചികയിൽ 85.85 ശതമാനവും പങ്കാളിത്ത, ഉത്തരവാദിത്ത സൂചികയിൽ 22.55 ശതമാനവും ഖത്തർ നേടിയിരുന്നു. ഈ സൂചകങ്ങൾ നല്ല ഭരണം കൈവരിക്കുന്നതിനുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന അളവുകോലാണെന്നും ദേശീയ ആസൂത്രണ കൗൺസിൽ വ്യക്തമാക്കി.
2024 ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ (ഇജിഡിഐ) ഖത്തർ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിരുന്നു. 193 രാജ്യങ്ങളിൽ 78 സ്ഥാനത്തുനിന്നും 53-ാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് രണ്ട് വർഷത്തിലൊരിക്കൽ പുറത്തിറക്കിയ ഈ സൂചിക, ലോകമെമ്പാടുമുള്ള ഇ-ഗവൺമെന്റുകളുടെ മൊത്തത്തിലുള്ള പ്രകടനത്തിനും വികസനത്തിനും ഒപ്പം വ്യക്തികളുടെയും ബിസിനസ്സുകളുടെയും ജീവിതം സുഗമമാക്കുന്നതിൽ സർക്കാർ ഇ-സേവനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതാണ്.