സ്വദേശിവൽക്കരണത്തിലൂടെ സ്വകാര്യമേഖലയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി
Mail This Article
ദോഹ ∙ സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക് തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് ദേശസാൽക്കരണ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ ദേശസാൽക്കരണം” എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. അൽ മർറി.
സ്വകാര്യമേഖല സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹന പരിപാടികളുടെ പാക്കേജ് മന്ത്രാലയം പുറത്തിറക്കും. ജനറൽ റിട്ടയർമെൻ്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റിയിലേക്കുള്ള തൊഴിലുടമയുടെ സംഭാവന , അധിക വർക്ക് പെർമിറ്റുകൾ അനുവദിക്കൽ, ദേശസാൽക്കരണ ശ്രമങ്ങളിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് ദേശീയ അവാർഡുകൾ തുടങ്ങിയവ ഇതിൽ ഉൾപെടും. ദേശസാൽക്കരണ നിയമം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും കമ്പനികളെ അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ചും സ്ഥാപനങ്ങൾ നേരിടുന്ന പ്രശനങ്ങൾ കണക്കിലെടുത്തും ക്രമേണ ദേശസാൽക്കരണ പദ്ധതിയിൽ ഏർപ്പെടാൻ അനുവദിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വദേശിവൽക്കരണ പദ്ധതി ലക്ഷ്യമിടുന്നത് എട്ട് പ്രധാന മേഖലകളെയാണ്. ഉൽപാദനം, ലോജിസ്റ്റിക്‌സ്, ടൂറിസം, ഐടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയാണ് ഈ മേഖലകൾ. ജൂലൈയിൽ ആരംഭിച്ച സ്വദേശിവൽക്കരണത്തിന്റെ പരീക്ഷണ ഘട്ടം തൊഴിൽ മന്ത്രാലയം ആരംഭിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഈ ഘട്ടത്തിൽ 63 സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സ്വമേധയാ മുന്നോട്ടു വന്നു. സ്വദേശിവൽക്കരണ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചും സ്വദേശി തൊഴിലാളികളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഈ ശ്രമമെന്നും തൊഴിൽ മന്ത്രി പറഞ്ഞു. തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവാദ കമ്പനികളുടെ സിഇഒമാർ, എച്ച്ആർ ഡയറക്ടർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഖത്തർ തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ ദേശസാൽക്കരണം” എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി സംസാരിക്കുന്നു.