ADVERTISEMENT

 ചുഴലിക്കാറ്റെന്നു കേൾക്കുമ്പോൾ തന്നെ  ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്  ജനജീവിതം ദുരിതത്തിലാക്കി വീശിയടിക്കുന്ന കാറ്റിന്റെ താണ്ഡവം ആണെങ്കിലും അവയുടെ പേരു പറയുമ്പോഴാണ് കൂടുതൽ പരിചിതവും അവ വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ തീവ്രതയും വേഗത്തിൽ മനസിലാകുക. പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനുമാണ് ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകുന്നത്. 

ഡാന ചുഴലിക്കാറ്റിന് ശേഷം ഈ വർഷത്തെ വടക്കുകിഴക്കൻ മൺസൂൺ സീസണിലേക്ക് ആഞ്ഞുവീശിയ രണ്ടാമത്തെ തീവ്രതയേറിയ ചുഴലിക്കാറ്റാണ് ഫെംഗൽ. വീശിയടിക്കുന്ന ചുഴലിക്കാറ്റുകൾ  ഓരോന്നും ഓരോ പേരുകൾ കൊണ്ടു തന്നെയാണ് വേഗത്തിൽ തിരിച്ചറിയപ്പെടുക. തമിഴ്നാട്ടിനെ ഭീതിയിലാഴ്ത്തി ആഞ്ഞടിക്കാൻ ഫെംഗൽ ചുഴലിക്കാറ്റ് തയാറെടുക്കുന്നുവെന്ന മുന്നറിയിപ്പാണ് നിലവിലുള്ളത്. ഫെംഗൽ എന്ന പേരിന് പിന്നിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയാണെന്ന് എത്ര പേർക്ക് അറിയാം.? ചുഴലിക്കാറ്റുകളുടെ പേരുകൾക്ക് പിന്നിലെ ചരിത്രമറിയാം

 ∙ ചുഴലിക്കാറ്റുകളുടെ പേരിടീൽ ചരിത്രം
2004 മുതൽ വടക്കേ ഇന്ത്യൻ സമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നതിൽ പ്രത്യേക സംവിധാനം തന്നെയുണ്ട്. വേൾഡ് മെറ്ററോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ള്യുഎംഒ), യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഫോർ ഏഷ്യ‍–പസഫിക് (യുനെസ്കാപ്) എന്നിവയിലെ അംഗരാജ്യങ്ങളുടെ പാനൽ ആണ് പേരുകൾ നൽകുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ് ലൻഡ്, യുഎഇ, യമൻ എന്നിങ്ങനെ 13 രാജ്യങ്ങളാണ് സമിതിയിലുള്ളത്. ഓരോ അംഗരാജ്യങ്ങളും പേരുകളുടെ നീണ്ട പട്ടിക സമർപ്പിക്കും.  രാജ്യങ്ങളുടെ സംസ്കാരം, ഭാഷ, പൈതൃകം എന്നിവ പ്രതിഫലിപ്പിച്ചും വൈവിധ്യം ഉറപ്പാക്കിയുമാണ് പേരുകൾ കണ്ടെത്തുന്നത്. തുടർച്ചയായി അക്ഷരമാലാ ക്രമത്തിലാണ് ഓരോ പേരുകളും ഉപയോഗിക്കുന്നത്.  കൃത്യത നിലനിർത്താൻ ഒരു  പേര് ഒറ്റത്തവണയേ ഉപയോഗിക്കുകയുള്ളു.  ഫെംഗൽ കഴിഞ്ഞാൽ ഇനി വരാനിരിക്കുന്ന ചുഴലിക്കാറ്റിന് ശ്രീലങ്ക മുന്നോട്ടു വെച്ച ശക്തി എന്ന പേരാകും നൽകുക. 

 ∙ ഫെംഗലിന് പിന്നിൽ
ഡബ്ള്യുഎംഒയുടെ പേരിടീൽ കൺവൻഷനുകളിൽ അംഗീകരിക്കപ്പെട്ട സാംസ്കാരിക, ഭാഷാപരമായ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ഫെംഗൽ എന്ന പേര് മുന്നോട്ടുവെച്ചത് സൗദി അറേബ്യയാണ്. അറബിക് ഭാഷയിൽ നിന്നുരുത്തിരിഞ്ഞ പേരാണ് ഫെംഗൽ. ചെറിയ വാക്ക് ആണെങ്കിലും അപൂർവമായ പേരാണ്. പറയാനും എളുപ്പം. സാർവലൗകികമായി മനസിലാക്കാൻ കഴിയുന്നതായിരിക്കണം, എല്ലാ ഭാഷകളിലും മികച്ചതായി ഉപയോഗിക്കാൻ പറ്റുന്നതാകണം എന്നതുൾപ്പെടെ ഡബ്ല്യൂഎംഒയുടെ വ്യവസ്ഥകൾ പാലിച്ചു കൊണ്ടുള്ളതാണ് പേര്. 

ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തിരഞ്ഞെടുക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്.
1. പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദ്ദേശിക്കാൻ.

2. ലോകത്തെ ഒരു ജനവിഭാഗത്തിനും മുറിവേല്‍പ്പിക്കുന്നതാകരുത്.

3. ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്.

4. ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതും വെറുപ്പുളവാക്കാത്തതും ആയിരിക്കണം.

5. എട്ട് അക്ഷരത്തില്‍ കവിയാത്ത പേര് വേണം ഉപയോഗിക്കാന്‍6. നിര്‍ദേശിക്കുന്ന പേരിന്റെ ഉച്ചാരണം വാക്കാലും ശബ്ദരേഖയായും നല്‍കണം.

നിര്‍ദേശിക്കപ്പെടുന്ന പേരുകള്‍ ഈ പറഞ്ഞ ഏതെങ്കിലും മാനദണ്ഡത്തിന് വിരുദ്ധമാണെങ്കില്‍ നിരസിക്കാന്‍ അതത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ പാനലുകള്‍ക്ക് അധികാരമുണ്ട്.പ്രാദേശികമായ വിവേചനം ഒഴിവാക്കാന്‍ ഒരേ രാജ്യത്തെ വ്യത്യസ്ത ഭാഷകളിലെ പേരുകളും ഉള്‍പ്പെടുത്താറുണ്ട്. ബിപര്‍ജോയ്ക്ക് മുന്‍പ് വന്ന മോച്ച ചുഴലിക്കാറ്റിന് പേര് നല്‍കിയത് യെമന്‍ ആണ്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ഓഖിയുടെ അര്‍ഥം. ആഗ്, വ്യോം, ഛാര്‍, പ്രൊബാഹോ, നീര്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന ചുഴലികള്‍ക്ക് ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള ചില പേരുകള്‍. കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

English Summary:

How Cyclone Fengal get it's name: Cyclone Fengal is an intense tropical cyclone currently developing in the Indian Ocean, posing potential threats to coastal regions. Stay updated on Cyclone Fengal's trajectory, intensity, and potential impact through reliable sources and official weather forecasts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com