തുര്‍ക്കി ബെല്‍ജിയം സന്ദര്‍ശനത്തിന് ഒമാന്‍ സുല്‍ത്താന്‍
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് തുര്‍ക്കിയും ബെല്‍ജിയവും സന്ദര്‍ശിക്കും. പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ തുര്‍ക്കി സന്ദര്‍ശനമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ച സന്ദര്‍ശനം ആരംഭിക്കും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതുമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പ്രദേശിക അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുകയും ചെയ്യും.
പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി. വിദേശകാര്യ മന്ത്രി സലയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫീസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്. തുര്‍ക്കിയിലെ ഒമാന്‍ സ്ഥാനപതി സൈഫ് ബിന്‍ റാശിദ് അല്‍ ജൗഹരി എന്നിവര്‍ സംബന്ധിച്ചു.
ഫിലിപ്പ് രാജാവിന്റെയും മതില്‍ഡെ രാജ്ഞിയുടെയും ക്ഷണപ്രകാരം ഡിസംബര്‍ മൂന്ന്, നാല് തീയതികളിലായിരിക്കും സുല്‍ത്താന്‍ ബെല്‍ജിയം സന്ദര്‍ശിക്കുക. ഒമാനും ബെല്‍ജിയവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം വഴിയൊരുക്കും.