ADVERTISEMENT

ഷാർജ ∙ ജാസ്സിന്റെ ഹൃദ്യമായ താളത്തിൽ തണുപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ് ഷാർജ. 'ജാസ് അറ്റ് ദി ഐലൻഡ്' ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഷാർജ അൽ നൂർ ഐലൻഡ്, ഫ്ലാഗ് ഐലൻഡ് എന്നിവിടങ്ങളിൽ ഡിസംബർ 6,7, 14 തീയതികളിൽ അരങ്ങേറും. ലോകപ്രശസ്ത സംഗീതജ്ഞരുടെ പ്രകടനങ്ങളോടൊപ്പം സാംസ്കാരിക വൈവിധ്യങ്ങളുടെ സമ്മേളനവും ആശയവിനിമയവും കൂടി ലക്ഷ്യം വച്ചാണ് സംഗീതമേളയൊരുക്കുന്നത്.

പ്രകൃതിമനോഹര കാഴ്ചകളാലും കലാസൃഷ്ടികളാലും പ്രശസ്തമായ അൽ നൂർ ദ്വീപിൽ ഡിസംബർ 6,7 തീയതികളിലായാണ് പരിപാടി. ശലഭവീടും പച്ചപ്പിനിടയിലൂടെയുള്ള നടപ്പാതകളും ആകർഷകമായ വാസ്തുശൈലിയുമെല്ലാമുള്ള ദ്വീപ്, സംഗീതമേളയുടെ അകമ്പടിയിൽ കൂടുതൽ മനോഹരമാവും. ലോകമെമ്പാടുമുള്ള ജാസ് സഗീതപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തയായ ഫ്രഞ്ച് അൾജീരിയൻ സംഗീതജ്ഞ നസ്രീൻ, വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ശബ്ദവിന്യാസം കൊണ്ടുമാത്രം കാണികളെ കൈയിലെടുക്കുന്ന പ്രശസ്തരായ ഇറ്റാലിയൻ സംഘം മെസോടോണോ എന്നിവർ ഡിസംബർ 6 ന് വേദിയിലെത്തും.

ചിത്രത്തിന് കടപ്പാട്: ഷുറൂഖ്
ചിത്രത്തിന് കടപ്പാട്: ഷുറൂഖ്

ഷാർജ പെർഫോമിങ് ആർട്സ് അക്കാദമിയിൽ നിന്നുള്ള ബാൻഡ് സംഘമായ സെൻസേഷന്റെ ജാസ് പ്രകടനവും അന്ന് അരങ്ങേറും. ഡിസംബർ ഏഴിനാണ് ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ലെബനീസ് ഗായിക ടാനിയ കസിസിന്റെ പ്രകടനം. സംഗീതവും ജാസും ഒത്തുചേരുന്ന അവരുടെ പ്രകടനത്തോടൊപ്പം, സെർബിയൻ ഗായികയും പിയാനിസ്റ്റുമായ അലക്സാന്ദ്ര ക്രിസ്റ്റികും അന്നേ ദിവസം വേദിയിലെത്തും. ഈജിപ്ഷ്യൻ കമ്പോസർ റാമി അത്തല്ലയുടെ നേതൃത്വത്തിലുള്ള പിയാനോ ശില്പശാലയും  7ന് അൽ നൂർ ദ്വീപിൽ നടക്കും.

ചിത്രത്തിന് കടപ്പാട്: ഷുറൂഖ്
ചിത്രത്തിന് കടപ്പാട്: ഷുറൂഖ്

പ്രശസ്ത സംഗീത ട്രൂപ്പായ ലെ ട്രയോ ജുബ്രാന്റെ നേതൃത്വത്തിൽ 14ന് അരങ്ങേറുന്ന സംഗീത നിശയ്ക്ക് ഷാർജ ഫ്ലാഗ് ഐലൻഡാണ് വേദിയാകുക. സാമിർ, വിസാം, അദ്നാൻ ജുബ്രാൻ എന്നീ മൂന്ന് പലസ്തീനിയിൻ സഹോദരർ സംസ്കാരവും പ്രതിരോധത്തിന്റെ സംഗീതവുമെല്ലാം ഉൾച്ചേർത്ത് ഒരുക്കുന്ന സംഗീതാനുഭവം ലോകശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത അറബ് സംഗീതവും ഊദ് ഉപകരണവും എല്ലാം സമ്മേളിപ്പിക്കുന്ന ഇവരുടെ സംഗീതം പലസ്തീനിയൻ സംസ്കാരത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതിനിധാനമായും കണക്കാക്കപ്പെടുന്നു.

ചിത്രത്തിന് കടപ്പാട്: ഷുറൂഖ്
ചിത്രത്തിന് കടപ്പാട്: ഷുറൂഖ്

ഡിസംബർ 6, 7 തീയതികളിൽ അൽ നൂർ ദ്വീപിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 100 ദിർഹമാണ് ഒരു ദിവസത്തെ നിരക്ക്, ഇതിൽ ദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്നതോടൊപ്പം സംഗീതനിശയുടെ ഭാഗമാവുകയും ചെയ്യാം. ഡിന്നറും ദ്വീപ് പ്രവേശനവുമടങ്ങുന്ന ഡേ പാസിന് 250 ദിർഹമാണ് നിരക്ക്. രണ്ടു ദിവസത്തേയ്ക്കുള്ള പ്രവേശനവും ഭക്ഷണവുമടങ്ങുന്ന പാസിന് 450 ദിർഹം നൽകണം.

ചിത്രത്തിന് കടപ്പാട്: ഷുറൂഖ്
ചിത്രത്തിന് കടപ്പാട്: ഷുറൂഖ്

ഫ്ലാഗ് ഐലൻഡിൽ  14ന് നടക്കുന്ന ലെ ട്രയോ ജുബ്രാൻ സംഗീത നിശയുടെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽ പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാകും. ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്)യാണ് പരിപാടിയുടെ സംഘാടകർ.
ടിക്കറ്റുകൾക്ക്: https://sharjah.platinumlist.net/event-tickets/95856/jazz-at-the-island. 065067000 

English Summary:

'Jazz at the Island' Festival in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com