ഖത്തറിലെ ബാങ്കിൽ നിന്ന് തട്ടിയത് 61 കോടി രൂപ; ബെനാമി ഇടപാടുകളിലൂടെ വയനാട്ടിൽ നിക്ഷേപം: മലയാളി ഇ.ഡി കസ്റ്റഡിയിൽ
Mail This Article
ന്യൂഡൽഹി ∙ ഖത്തറിലെ ബാങ്കിൽ നിന്ന് 61 കോടി രൂപയുടെ വായ്പയെടുത്തു തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളിയായ കണ്ണൂർ തൂവക്കുന്ന് സ്വദേശി ഇസ്മായിൽ ചക്കരത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇയാളുടെ 10 ബാങ്ക് അക്കൗണ്ട് അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ 10 വരെ റിമാൻഡ് ചെയ്തു.
ഖത്തറിലെ ബാങ്കിൽ നിന്ന്, ട്രേഡിങ് കമ്പനിയുടെ പേരിൽ 3.06 കോടി ഖത്തർ റിയാലിന്റെ (61 കോടി രൂപ) വായ്പയെടുത്ത ശേഷം പണം കേരളത്തിലേക്കു മാറ്റുകയായിരുന്നു. ബാങ്കിനെ വഞ്ചിച്ചതിനു ക്രൈംബ്രാഞ്ച് കണ്ണൂർ, കാസർകോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിട്ടുണ്ട്.
പണം ഖത്തറിൽ ബിസിനസിന് ഉപയോഗിക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യാതെ, നിയമവിരുദ്ധ മാർഗങ്ങളിലൂടെ കേരളത്തിൽ എത്തിച്ചതായി ഇ.ഡി ആരോപിച്ചു. ‘ബെനാമി ഇടപാടുകളിലൂടെ വയനാട്ടിലാണു പണം നിക്ഷേപിച്ചത്. 2.02 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോഗിച്ചിട്ടുണ്ട്’– ഇ.ഡി വെളിപ്പെടുത്തി.