ADVERTISEMENT

ദോഹ ∙ ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസ്സുകാരി 'ഇവ' എന്ന വെളുത്ത പൂച്ചക്കുട്ടി. ആദ്യ വിമാനയാത്രയുടെ ഉത്സാഹത്തിലാണ് ഇവ. വ്യാഴാഴ്ച രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിലാണ് തൃശൂർ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയായ 'ഇവ' ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. വിദേശത്തു നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം കൊച്ചി വിമാനത്താവളത്തിലെത്തുന്ന ആദ്യ മൃഗമാണ് ഇവ. 

“മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. 'ഇവ'യെ കൊണ്ട് വരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി", തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

ഈ വർഷം ജൂലൈയിലാണ് 'പെറ്റ് എക്സ്പോർട്ട്' സൗകര്യം സിയാലിൽ നിലവിൽ വരുന്നത്. നിരവധി യാത്രക്കാരാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ‘അനിമൽ ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സർവീസ്' (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, 'പെറ്റ് എക്സ്പോർട്ട് - ഇംപോർട്ട്' സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നുണ്ട്. നേരത്തേ മൃഗങ്ങളെ ഇത്തരത്തിൽ കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.

വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. ഇറക്കുമതി ചെയ്യുന്നതിന് 7 ദിവസം മുൻപെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നൽകണം. വാക്സിനേഷൻ, മൈക്രോ ചിപ്, ഹെൽത്ത് സർട്ടിഫിക്കറ്റുകളും എയർ ടിക്കറ്റ്, എയർവേ ബിൽ പാസ്പോർട്ട് കോപ്പി എന്നിവയും ഇതോടൊപ്പം നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

English Summary:

A Malayali's Kitten, Named Eva, has Arrived at Kochi Airport from Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com