മരുഭൂമിയിലെ വിസ്മയങ്ങളുമായി 53 കിലോ ഭാരമുള്ള ഭീമൻ കേക്ക്; യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി
Mail This Article
ദുബായ് ∙ 'ദേശീയപ്പെരുന്നാളാഘോഷിക്കുന്ന '(ഇൗദ് അൽ ഇത്തിഹാദ്) യുഎഇക്ക് മധുരം കൊണ്ട് ആദരവൊരുക്കി ദുബായിലെ ഇന്ത്യൻ ബേക്കറി. 53–ാം ദേശീയദിനത്തിൽ 53 കിലോ ഗ്രാം ഭാരത്തിലുള്ള ഭീമൻ കേക്കാണ് ദുബായിലെ മാസ്റ്റർ ബേക്കർ തയാറാക്കിയത്. ഇതിന് 23,000 ദിർഹം വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഎഇ മരുഭൂമിയിലെ വിസ്മയങ്ങളാണ് കേക്കിൽ ചിത്രീകരിച്ചിട്ടുള്ളത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ, കടലിന് നടുവിലെ വിസ്മയക്കൊട്ടാരം ബുർജ് അൽ അറബ്, എമിറേറ്റ്സ് ട്വിൻ ടവർ തുടങ്ങിയവയെല്ലാം 'കേക്ക് മരുഭൂമി'യിൽ തലയുയർത്തി നിൽക്കുന്നു. മരുഭൂമിയിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിന്റെ കോസ്‌മോപൊളിറ്റൻ സ്കൈലൈനിലേയ്ക്കുള്ള യുഎഇയുടെ പരിവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സങ്കീർണമായ ഡിസൈനുകളോടെ, യുഎഇയുടെ ചൈതന്യത്തെ പാചക മികവുമായി സമന്വയിപ്പിക്കുന്നതാണ് 2 മീറ്റർ നീളമുള്ള കേക്കെന്ന് അധികൃതർ പറഞ്ഞു.
കാഴ്ചപ്പാടിന്റെയും അഭിലാഷത്തിന്റെയും "ഒരിക്കലും ഉപേക്ഷിക്കരുത്" എന്ന മനോഭാവത്തിന്റെയും പ്രതീകമാണത്. ഇൗ മനോഭാവമാണ് യുഎഇയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കരുത്ത് പകരുന്നത്. ഇന്ന്( 28) മുതൽ ഡിസംബർ 7 വരെ മാസ്റ്റർ ബേക്കറുടെ ഉമ്മു സുഖീം ഔട്ട്‌ലെറ്റിൽ കേക്ക് പ്രദർശിപ്പിക്കും. ആവശ്യക്കാർക്ക് കേക്ക് മുൻകൂട്ടി ഓർഡർ ചെയ്യുകയുമാവാം. 1990ൽ ഇന്ത്യക്കാരായ തൈസൂൻ ഖൊറാക്കിവാല, ലോകേഷ് ഫൊത്തേദാർ എന്നിവരാണ് മിസ്റ്റർ ബേക്കർ ആരംഭിച്ചത്.