ADVERTISEMENT

റിയാദ് ∙ സൗദിയുടെ വികസന ട്രാക്കിൽ വൻ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. തലസ്ഥാന നഗരത്തെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗരഗതാഗതത്തിന്റെ നെടുംതൂണാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 

4 റിയാൽ ആണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ദിവസേന 11.6 ലക്ഷം പേർക്ക് യാത്ര ചെയ്യാൻ സാധിക്കുംവിധമാണ് മെട്ര‌ോ രൂപകൽപനയെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസിർ പറഞ്ഞു. സൗദിയുടെ പൊതുഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും റിയാദ് മെട്രോ. സൽമാൻ രാജാവിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാകും റിയാദ് മെട്രോ, ബസ് പദ്ധതികളെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 

ജനം തിങ്ങിപ്പാർക്കുന്ന ബത്ത, ഒലയ്യ എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് ഖാലിദ് വിമാനത്താവളത്തിലേക്കുള്ള യെലോ ലൈൻ, അബ്ദുൽറഹ്മാൻ ബിൻ ഔഫ്, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പർപ്പിൾ ലൈൻ എന്നീ 3 ലൈനുകളിൽ ഡിസംബർ ഒന്നു മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. 8440 കോടി റിയാൽ ചെലവിലാണ് റിയാദ് മെട്രോ യാഥാർഥ്യമാക്കിയത്. ഡിസംബർ 15ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ റെഡ്, ഗ്രീൻ ലൈനുകളിലും 2025 ജനുവരി 5ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഓറഞ്ച് ലൈനിലും സർവീസ് ആരംഭിക്കുമെന്ന് റിയാദ് റോയൽ കമ്മിഷൻ അറിയിച്ചു. 6 ലൈനുകളും പ്രവർത്തനസജ്ജമാകുന്നതോടെ 176 കി.മീ. നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാകും ഇത്. ഇതിൽ 46.3 കി.മീയും ഭൂഗർഭപാതയാണ്. മൊത്തം 84 മെട്രോ സ്റ്റേഷനുകളുണ്ടാകും. ഉൾപ്രദേശങ്ങളെ മെട്രോയുമായി ബന്ധിപ്പിക്കുന്നതിന് ഫീഡർ ബസ് സർവീസും തുടങ്ങി. സൗരോർജം ഉപയോഗിച്ചാകും മെട്രോ സ്റ്റേഷനുകൾ പ്രവർത്തിക്കുക. 

ടിക്കറ്റ് നിരക്ക്
2 മണിക്കൂർ കാലാവധിയുള്ള ടിക്കറ്റിന് 4 റിയാലും 3 ദിവസം കാലാവധിയുള്ള ടിക്കറ്റിന് 20 റിയാലും 7 ദിവസം കാലാവധിയുള്ള ടിക്കറ്റിന് 40 റിയാലും ഒരു മാസം കാലാവധിയുള്ള ടിക്കറ്റിന് 140 റിയാലുമാണ് നിരക്ക്. 6 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. ദർബ് ആപ്പ് വഴിയും മെട്രോ സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകളിലൂടെയും ടിക്കറ്റ് എടുക്കാം.

English Summary:

Saudi King Salman inaugurates Riyadh metro project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com