'രാഷ്ട്രത്തിന്‍റെ പുത്രന്മാർക്ക്' ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി
Mail This Article
ദുബായ് ∙ ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം സമ്മാനിച്ചു. ഇവരെ 'രാഷ്ട്രത്തിന്‍റെ പുത്രന്മാർ' എന്ന് പ്രശംസിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകിയതിനാണ് ഇവരടക്കം ഈ രംഗത്തെ അഞ്ച് എമിറാത്തികളെ അഭിനന്ദിച്ചത്.
എന്‍റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിന്‍റെ നിർദ്ദേശപ്രകാരം, ഞങ്ങൾ ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദിക്കും ഹസ്സ അൽ മൻസൂറിക്കും ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ നൽകിയതായും യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന വികസിത ശാസ്ത്ര മേഖലയിൽ ആഗോള സ്ഥാനം നേടിയെടുത്തതിന് ഇരുവരെയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിലെ പങ്കിന് യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിക്ക് അംഗീകാരം ലഭിച്ചു. ബഹിരാകാശ നടത്തം നടത്തിയ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന നിലയിലും തന്‍റെ ദൗത്യത്തിനിടെ ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങളും ഗവേഷണ പദ്ധതികളും വിജയകരമായി നടപ്പിലാക്കിയതിലും അദ്ദേഹത്തെ ആദരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ പൈലറ്റ് ഓഫിസറായ മേജർ ഹസ്സ അലി അൽ മൻസൂരി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ എമിറാത്തി, അറബ് ബഹിരാകാശ സഞ്ചാരിയായി അംഗീകരിക്കപ്പെട്ടു. രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട 16 ശാസ്ത്രീയ പരീക്ഷണങ്ങളിൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തവും എടുത്തുപറഞ്ഞു.
ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ ദുബായിലെ സബീൽ പാലസിൽ നടന്ന ചടങ്ങിലാണ് അവാർഡ് ദാനം. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്‍റർ ഡയറക്ടർ ജനറൽ സലേം അൽ മർറി, രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഡോ. ഹനാൻ അൽ സുവൈദി, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസിൽ സ്‌പേസ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ അദ്‌നാൻ അൽ റായ്‌സ് എന്നിവരെയും സെക്കൻഡ് ക്ലാസ് സ്പേസ് മെഡൽ നൽകി ആദരിച്ചു.