യുഎഇ ദേശീയ ദിനാഘോഷത്തിൽ പാർട്ടി സ്പ്രേ ഉപയോഗിച്ചവർ അറസ്റ്റിൽ
Mail This Article
ഫുജൈറ ∙ യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പാർട്ടി സ്പ്രേ ഉപയോഗിച്ച ക്യാംപ് ഉടമയെയും മറ്റു ചിലരെയും ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. അനുചിതമായ രീതിയിൽ ആഘോഷം നടത്തുകയും അതിൻ്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ ഇവർ പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. ഇതിനുപുറമെ, അൽ ഫഖിത് ഏരിയയിൽ അശ്രദ്ധമായ വാഹനമോടിച്ച ഒട്ടേറെ ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി ഫുജൈറ പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം യുഎഇയുടെ ആഭ്യന്തര മന്ത്രാലയം 53-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി 14 നിബന്ധനകൾ പുറത്തിറക്കിയിരുന്നു. ആഘോഷത്തിനായി മാർച്ചുകളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്, എല്ലാ ട്രാഫിക് നിയന്ത്രണങ്ങളും പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണം, ഡ്രൈവർമാരോ യാത്രക്കാരോ കാൽനടയാത്രക്കാരോ പാർട്ടി സ്പ്രേകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്നിവയായിരുന്നു പുതിയ നിബന്ധനകൾ.