ഖത്തറിൽ പുതിയ തൊഴിൽ വർഗീകരണ ഗൈഡ്; 3717 തസ്തികകൾ നാമങ്ങൾ കൂടി ഉൾപ്പെടുത്തി
Mail This Article
ദോഹ ∙ തൊഴിൽ വിപണിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് പുതിയ ചില തസ്തിക നാമങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം പുതുക്കിയ ഒക്യുപേഷണൽ ക്ലാസിഫിക്കേഷൻ ഗൈഡ് പുറത്തിറക്കി. ഖത്തരി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് എന്നാണ് ഇതിന്‍റെ പേര്. തൊഴിൽ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് സ്വകാര്യ മേഖലയ്ക്കായുള്ള ഈ ഗൈഡ് പുറത്തിറക്കിയത്.
പുതിയ ഗൈഡിൽ 3,717 തൊഴിൽ ശീർഷകങ്ങളുണ്ട്. തൊഴിൽ വിപണിയിൽ ഉയർന്നുവരുന്ന ഏറ്റവും പുതിയ തൊഴിൽ ശീർഷകങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതുക്കിയ പതിപ്പ് പുറത്തിറക്കിയത്. ഇതിലൂടെ സ്ഥാപനങ്ങൾ തൊഴിൽ വീസകൾക്ക് അപേക്ഷിക്കുമ്പോൾ നടപടികൾ എളുപ്പമാകും. ഏത് തസ്തികയിലേക്കാണോ തൊഴിൽ വീസ അപേക്ഷ നൽകുന്നത്, ആ തസ്തികയുടെ പേര് പുതുക്കിയ ലിസ്റ്റിൽ ഉൾപ്പെടുന്നതാണെങ്കിൽ വീസ നടപടിക്രമങ്ങൾ എളുപ്പം പൂർത്തിയാക്കാം.
പുതുക്കിയ ഗൈഡിൽ അഞ്ച് പ്രധാന തൊഴിൽ ശീർഷകങ്ങളാണുള്ളത്. നിരവധി ഉപശീർഷകങ്ങളും ഉണ്ട്. ഓരോ ജോലി ശീർഷകത്തിനും ഏഴ് അക്ക കോഡിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. തൊഴിൽ അപേക്ഷകൾ വേഗത്തിൽ അംഗീകാരങ്ങൾ ലഭ്യമാക്കി ഭരണപരമായ പ്രക്രിയകൾ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എനർജി, ഖത്തർ സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് പുതുക്കിയ ഗൈഡ് വികസിപ്പിച്ചെടുത്തത്. ഈ തൊഴിൽ ശീർഷകങ്ങൾ ഇന്‍റർനാഷനൽ സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷനുമായി യോജിക്കുന്നതും വ്യത്യസ്ത കഴിവുകൾ, സ്പെഷ്യലൈസേഷനുകൾ, പ്രഫഷനൽ ടാസ്ക്കുകൾ എന്നിവ പരിഗണിക്കുന്നതുമാണ്.