47-ാമത് ലോക മിലിട്ടറി പാരച്യൂട്ടിങ് ചാംപ്യൻഷിപ്പിന് ഖത്തർ വേദിയാകും
Mail This Article
ദോഹ ∙ 47-ാമത് ലോക മിലിട്ടറി പാരച്യൂട്ടിങ് ചാംപ്യൻഷിപ്പിന് (WMPC) ഖത്തർ ആതിഥേയത്വം വഹിക്കും. അടുത്ത വർഷം നവംബറിലാണ് ചാംപ്യൻഷിപ്പ് ദോഹയിൽ നടക്കുക. ചാംപ്യൻഷിപ്പ് ഖത്തറിൽ നടത്തുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഖത്തർ എയർ സ്‌പോർട്‌സ് കമ്മിറ്റി അറിയിച്ചു.
ജോയിന്‍റ് സ്‌പെഷ്യൽ ഫോഴ്‌സിന്‍റെ കമാൻഡറും ഖത്തർ എയർ സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ സായിദ് അൽ ഒതൈബി, ഇന്‍റർനാഷനൽ മിലിട്ടറി സ്‌പോർട്‌സ് കൗൺസിൽ (സിഐഎസ്എം) പ്രസിഡന്‍റ് കേണൽ നിൽട്ടൺ ഗോമസ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
2021 ൽ ലോക മിലിട്ടറി പാരച്യൂട്ടിങ് ചാംപ്യൻഷിപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചിരുന്നു. മികച്ച സംഘാടനത്തിന് ഖത്തർ അന്ന് പ്രശംസിക്കപ്പെട്ടിരുന്നു. 2021-ൽ ഖത്തറിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫോർ-വേ ഫോർമേഷനിൽ വെള്ളി മെഡൽ നേടിയതുൾപ്പെടെ മത്സരങ്ങളിൽ ഖത്തർ ദേശീയ ടീം മികച്ച പ്രകടനം കാഴ്ചവച്ചത്.
2023-ൽ സ്പെയിനിലും ഈ വർഷം ഹംഗറിയിലുമാണ് ലോക മിലിട്ടറി പാരച്യൂട്ടിങ് ചാംപ്യൻഷിപ്പ് നടന്നത്.