അറബ് രാഷ്ട്രീയത്തിൽ അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം: ഡോ. അൻവർ ഗർഗാഷ്
Mail This Article
അബുദാബി ∙ അറബ് രാഷ്ട്രീയത്തിൽ അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആഹ്വാനം ചെയ്തു, നിലവിലെ സാഹചര്യത്തെ "നാശത്തിലേക്കുള്ള പാത"യാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മേഖലയിലെ പ്രക്ഷുബ്ധമായ വാരത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വരുന്നത്.
ഇസ്രായേൽ-ഗാസ യുദ്ധം ഇപ്പോഴും രൂക്ഷമാണ്, സിറിയയിലെ വിമതർ രണ്ട് ദിവസത്തെ യുദ്ധത്തിന് ശേഷം വ്യാഴാഴ്ച മധ്യ നഗരമായ ഹമയിലേയ്ക്ക് പ്രവേശിച്ചു. അറബ് രാഷ്ട്രീയത്തിന്റെ പ്രക്ഷുബ്ധതയെ അഭിമുഖീകരിക്കുന്നതിൽ യുഎഇയുടെ മുൻഗണന, അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും ചക്രത്തിൽ നിന്ന് പുറത്തുകടക്കുക എന്നതാണ്. അത് സംവാദത്തിലൂടെയും വിവേകത്തിലൂടെയും യുക്തിയിലൂടെയും കൈകാര്യം ചെയ്യണം–ഡോ. ഗർഗാഷ് എക്‌സിൽ എഴുതി.
നമ്മുടെ അറബ് ലോകത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്നത് നിരസിച്ചുകൊണ്ട്, നമ്മുടെ ജനങ്ങളെയും നമ്മുടെ കുട്ടികളുടെ ഭാവിയും സംരക്ഷിക്കുന്നതിനായി നമുക്ക് പരമാധികാരം ഉറപ്പിക്കാം. വ്യാഴാഴ്‌ച ജർമ്മൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തത് ഗാസയ്‌ക്കുള്ള യുഎഇയുടെ സഹായ സംഭാവനകളുടെ മൂല്യം 828 ദശലക്ഷം ഡോളറാണ്. ഇത് 2023 ഒക്‌ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം എൻക്ലേവിലേയ്ക്ക് അയച്ച മൊത്തം സഹായത്തിന്റെ 42 ശതമാനം വരും.
ഇത് യുഎഇയെ എല്ലാ ദാതാക്കളുടെ രാജ്യങ്ങളുടെയും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചു. പ്രസ്താവനകളുടെയും വിലക്കുകളുടെയും നിരർത്ഥകതയിൽ നിന്ന് മാറി ഫലസ്തീൻ ജനതയെയും അവരുടെ നിയമാനുസൃതമായ അവകാശങ്ങളെയും പിന്തുണയ്ക്കുന്നതിൽ യുഎഇ നേതൃത്വത്തിന് ചരിത്രപരവും നിരന്തരവുമായ നിലപാടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഗാസയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് യുഎഇ. ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ഗുണപരമായ സംരംഭങ്ങളിലൂടെ സഹോദരങ്ങളെ സഹായിക്കാൻ ഞങ്ങൾ തുടർന്നും നടപടിയെടുക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.