യുഎഇയിലെ പള്ളികൾക്ക്ചുറ്റും മരങ്ങൾ; ക്യാംപെയ്ന് പിന്തുണയുമായി വൈസ് പ്രസിഡന്റ്
Mail This Article
അബുദാബി ∙ "നമ്മുടെ പള്ളികളെ പുനരുജ്ജീവിപ്പിക്കുക" എന്ന സംരംഭത്തിന്റെ ഭാഗമായി യുഎഇയിലെ പള്ളികൾക്ക്ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുന്നു. ഈ ക്യാംപെയ്നെ പിന്തുണച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 10,000 മരത്തൈകൾ സംഭാവന ചെയ്തു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്, സകാത്ത് എന്നിവ സംയുക്തമായി ആരംഭിച്ച ഈ സംരംഭം യുഎഇയുടെ 53-ാം ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമാണ്.
രാജ്യവ്യാപകമായി പള്ളികളുടെ മുറ്റത്ത് മരങ്ങൾ നട്ടുപിടിപ്പിക്കുക, വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കുക എന്ന യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതി. അബുദാബിയിൽ നടന്ന സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടർ ജനറൽ സയീദ് അൽ ബഹ്‌രി സലേം അൽ അമേരിയ്‌ക്കൊപ്പം ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്, സകാത്ത് ചെയർമാൻ ഡോ ഒമർ ഹബ്തൂർ അൽ ദാരെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉദ്യമത്തിന്റെ തുടക്കം കുറിക്കുന്നതിനായി ഒരു പള്ളിയുടെ അങ്കണത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പറഞ്ഞു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ യുഎഇയെ ഹരിതവൽക്കരിക്കുന്നതിനുള്ള കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്ലാൻ്റ് ദി എമിറേറ്റ്സ് പ്രോഗ്രാമുമായി ഈ സംരംഭം യോജിക്കുന്നതായി അവർ വ്യക്തമാക്കി.