എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറയ്ക്കണമെന്ന് ദുബായ് പൊലീസ്
Mail This Article
ദുബായ് ∙ ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. വിമാന യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കോ പുറത്തേക്കോ പോകുന്ന റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി ബദൽ പാതകൾ കണ്ടെത്തണം.
ദുബായ് എയർപോർട്ടുകളിലേയ്ക്കും എയർപോർട്ട് റോഡിലേയ്ക്കും ഉള്ള റോഡുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർ, പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എക്സിൽ ദുബായ് പൊലീസ് പറഞ്ഞു. ഈ മാസം 13 നും 31 നും ഇടയിൽ 52 ലക്ഷത്തിലേറെ പേർ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യും.
2,96,000 യാത്രക്കാരെത്തുന്ന, വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും ഈ മാസം ഇരുപത്. 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 8,80,000 അതിഥികൾ വിമാനത്താവളത്തിലൂടെ കടന്നുപോകും. ഉത്സവ കാലയളവിൽ ശരാശരി 2,74,000 ആളുകളാണ് ഓരോ ദിവസവും ദുബായ് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നത്.