ലോകത്തിലെ ഏറ്റവും വലിയ എയർ കണ്ടീഷൻഡ് ഔട്ട്‌ഡോർ ട്രാക്ക് ഖത്തറിൽ ഉദ്ഘാടനം ചെയ്തു
Mail This Article
ദോഹ ∙ ജോഗിങ് പരിശീലിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർ കണ്ടീഷൻഡ് ഔട്ട്‌ഡോർ ട്രാക്ക് ഖത്തറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 1,197 മീറ്റർ നീളമുള്ള ഔട്ട്‌ഡോർ ട്രാക്ക് ഉൾക്കൊള്ളുന്ന റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ നിർവഹിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നിർമാണം പൂർത്തിയാക്കിയ പാർക്ക് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. ദിവസേന 10,000 സന്ദർശകരെ വരെ സ്വീകരിക്കാൻ കഴിയുന്ന പാർക്കിന് ഖത്തറിലെ ഏറ്റവും വലിയ പ്ലാന്റ് ക്ലോക്ക്, കൂടാതെ 8 സർവീസ് കിയോസ്‌കുകൾ, 500 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന തുറന്ന ആംഫി തിയറ്റർ തുടങ്ങിയ വിശാലമായ സൗകര്യങ്ങളുണ്ട്. കൂടാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥന മുറികളും ശൗചാലയങ്ങളും പാർക്കിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ അഷ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പങ്കെടുത്തു. പബ്ലിക് സർവീസസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, എൻജിനീയർ. അബ്ദുല്ല അഹമ്മദ് അൽ കരാനി, പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദയും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും അഷ്ഗലിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
പുതുതായി ഉദ്ഘാടനം ചെയ്ത പാർക്കിലെ എയർകണ്ടീഷൻ ചെയ്ത ജോഗിങ് ട്രാക്ക് ചൂടുള്ള കാലാവസ്ഥയിൽ ആളുകൾക്ക് ഏറെ ഉപകാരപ്രദമാകും. ഇതോടെ ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണം 147 ആയി ഉയർന്നു. കഴിഞ്ഞ 14 വർഷത്തിനിടയിൽ പാർക്കുകളുടെ എണ്ണത്തിൽ163% വളർച്ചയാണ് ഖത്തർ കൈവരിച്ചത്. ഖത്തറിന്റെ വിനോദ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പുതിയ പാർക്കെന്ന് ഖത്തർ മുൻസിപ്പൽ മന്ത്രാല അധികൃതർ അറിയിച്ചു.