യുഎഇ വിദേശികൾക്ക് നൽകിയത് വൻ ആനുകൂല്യം; അടുത്ത വർഷം മുതൽ രാജ്യവ്യാപക പരിശോധന
Mail This Article
ദുബായ് ∙ ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം. നിയമ പ്രകാരമല്ലാതെ യുഎഇയിൽ താമസിക്കുന്ന മുഴുവൻ പേർക്കും പിഴ കൂടാതെ രേഖകൾ ക്രമപ്പെടുത്താനുള്ള അവസാന അവസരമാണ് കഴിയാൻ പോകുന്നത്. പൊതുമാപ്പിനു ശേഷം പിടിക്കപ്പെടുന്ന നിയമ ലംഘകർക്ക് കടുത്ത പിഴയാണ് കാത്തിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്താത്തവർക്ക് ഇനി ന്യായീകരണങ്ങൾ പറയാനില്ലെന്നും ജനങ്ങളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് പൊതുമാപ്പിന്റെ കാലാവധി 2 മാസം കൂടി നീട്ടിയതെന്നും അധികൃതർ പറഞ്ഞു. ഡിസംബർ 31നു ശേഷം രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
കുടുംബങ്ങളെ കൂട്ടിയണക്കി
പൊതുമാപ്പുമായി ബന്ധപ്പെട്ടു ജിഡിആർഎഫ്എ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ചു മാധ്യമപ്രവർത്തകരുടെ അഭിപ്രായം അറിയാൻ വിളിച്ചു ചേർത്ത, പ്രത്യേക യോഗത്തിൽ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, പൊതുമാപ്പ് ആയിരക്കണക്കിന് ജനങ്ങൾക്കു പ്രയോജനപ്പെട്ടതായി പറഞ്ഞു. രേഖകൾ ഇല്ലാത്തതിന്റെ പേരിൽ, കുഞ്ഞുങ്ങൾക്ക് വാക്സീൻ പോലും എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്നവരുണ്ട്. പിതാവിനെയോ മാതാവിനെയോ ഒരു നോക്കു കാണാതെ അവരവരുടെ രാജ്യത്തു കഴിഞ്ഞവരുണ്ട്. തൊഴിൽ നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവിതത്തിലെ എല്ലാം നഷ്ടമായി, നിരാശാജീവിതം നയിച്ചവരുണ്ട്. അവരുടെയെല്ലാം ജീവിതങ്ങളെ കൈപിടിച്ചുയർത്താൻ പൊതുമാപ്പിലൂടെ സാധിച്ചതായി അൽ മർറി പറഞ്ഞു. രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായി, പ്രവാസം ജീവിതം നയിക്കേണ്ടി വന്നവർക്ക് അവരുടെ രാജ്യത്തേക്കു മടങ്ങാനും ഉറ്റവരെ കാണാനും സാധിച്ചതിൽ, ജിഡിആർഎഫ്എ അഭിമാനിക്കുന്നു. പൊതുമാപ്പ്, ഏതെല്ലാം വിധത്തിലാണ് ജനങ്ങൾക്കു പ്രയോജനപ്പെട്ടതെന്നു മാധ്യമപ്രവർത്തകർ ജിഡിആർഎഫ്എ മേധാവിയെ ധരിപ്പിച്ചു. പോരായ്മകൾ ചൂണ്ടിക്കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണാധികാരികളുടെ വലിയ കരുതലിന്റെ ഉദാഹരണമാണ് പൊതുമാപ്പ് എന്നും അദ്ദേഹം പറഞ്ഞു.
സംഘടനകളുടെ പങ്ക് നിർണായകം
ഇനിയും പൊതുമാപ്പിനെക്കുറിച്ച് അറിയാത്തവരും 31വരെ പൊതുമാപ്പിൽ അപേക്ഷ നൽകാം എന്ന് അറിയാത്തവരും രാജ്യത്തുണ്ട്. അത്തരക്കാരിലേക്കു വിവരങ്ങൾ എത്തിക്കുന്നതിൽ മാധ്യമങ്ങളും സാമൂഹിക സംഘടനകളും സഹായിക്കണമെന്നു ജിഡിആർഎഫ്എ അഭ്യർഥിച്ചു. വളരെ സുഗമമായാണ് നടപടികൾ പൂർത്തിയായത്.
അനധികൃത താമസക്കാരിൽ ബഹുഭൂരിപക്ഷവും പൊതുമാപ്പിനെ ഗൗരവമായി എടുത്തു. അതിന്റെ ഗുണം അവർക്കു ലഭിച്ചുവെന്നും അൽ മർറി പറഞ്ഞു. പൊതുമാപ്പ് നേടിയവരിൽ പലരും അവരുടെ ജോലിയും ഉറപ്പാക്കി. അവർ ജീവിതം തിരികെ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാപ്പുകാലം കഴിഞ്ഞാൽ ലംഘകർക്ക് മാപ്പില്ല
സെപ്റ്റംബർ 1ന് ആണ് പൊതുമാപ്പ് ആരംഭിച്ചത്. ഒക്ടോബറിൽ അവസാനിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ ആവശ്യക്കാരുണ്ടെന്നു മനസ്സിലാക്കി ഈ മാസം 31 വരെ നീട്ടുകയായിരുന്നു. പൊതുമാപ്പിൽ രേഖകൾ നിയമപരമാക്കുന്നവരിൽ നിന്ന് ഒരു രൂപയും പിഴയായി ഈടാക്കില്ല. രേഖകൾ ശരിയാക്കി ഈ രാജ്യത്തു തുടരുന്നതിനും അവസരം നൽകിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങേണ്ടവർക്ക് അങ്ങനെ ചെയ്യാം. പുതിയ ജോലിയിൽ തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാകാം.
നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റിനു പണമില്ലാത്തവർക്ക് ജിഡിആർഎഫ്എ സൗജന്യ ടിക്കറ്റുകൾ നൽകിയതായും അൽ മർറി പറഞ്ഞു. പൊതുമാപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ, രാജ്യമെമ്പാടും പരിശോധനകളും തുടങ്ങും. പരിശോധനകളിൽ അനധികൃത താമസക്കാരെ കണ്ടെത്തിയാൽ അവർക്കുള്ള ശിക്ഷ കനത്തതാകും.