സന്ദർശക വീസക്കാർക്ക് ഓൺലൈൻ പർച്ചേസ്; ജിഎസ്ടിയും ഇനി തിരികെ
Mail This Article
ദുബായ് ∙ വിനോദ സഞ്ചാരികൾ ഓൺലൈൻ വഴി വാങ്ങുന്ന സാധനങ്ങൾക്കും മൂല്യവർധിത നികുതി തിരികെ നൽകുന്ന സംവിധാനം രാജ്യത്ത് ഉടൻ നിലവിൽ വരും. കടകളിൽ നിന്നു വാങ്ങുന്ന സാധനങ്ങൾക്ക് ഈടാക്കുന്ന 5% മൂല്യവർധിത നികുതി (വാറ്റ്) സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്നവക്ക് അവരുടെ മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ നിന്നു തിരികെ ലഭിക്കും. ഇനി മുതൽ, യുഎഇ സന്ദർശിക്കുമ്പോൾ ചെയ്യുന്ന ഇ – കൊമേഴ്സ് ഇടപാടുകൾക്കും വാറ്റ് തിരികെ ലഭിക്കും.
ഫെഡറൽ ടാക്സ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്ത ഇ – കൊമേഴ്സ് സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നൽകാം. യുഎഇയിൽ ഉള്ള സന്ദർശകർ ഇ – കൊമേഴ്സ് സൈറ്റുകളിൽ വാറ്റ് റീഫണ്ടിന് അപേക്ഷ നൽകാം. ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നൽകണം. ഓൺലൈൻ പർച്ചേസിന്റെ സമയത്തു സന്ദർശക വീസയിലാണെന്നു തെളിയിക്കുന്നതിനാണിത്. യോഗ്യത തെളിയിക്കപ്പെട്ടാൽ, രാജ്യം വിടുമ്പോൾ നികുതിയും തിരികെ ലഭിക്കും.
ഡിജിറ്റൽ ടാക്സ് റീ ഫണ്ട് സംവിധാനം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണ് ഇ – കൊമേഴ്സിനും ടാക്സ് റീ ഫണ്ട് നൽകുന്നത്. ഡിജിറ്റൽ ടാക്സ് റീഫണ്ട് സംവിധാനം വന്നതിനു ശേഷം സന്ദർശകർക്ക് ടാക്സ് റീഫണ്ട് പൂർണമായും ഡിജിറ്റലായി പൂർത്തിയാക്കാം. പാസ്പോർട്ട് സ്കാൻ ചെയ്തു ഡിജിറ്റൽ ഇൻവോയിസ് വഴിയാണ് റീഫണ്ട് നടപടികൾ പൂർത്തിയാക്കുന്നത്.
വാറ്റ് റീഫണ്ട് നൽകുന്ന ഏജൻസിയായ പ്ലാനറ്റ് വഴിയാണ് ഓൺലൈൻ പർച്ചേസിന്റെ നികുതിയും തിരികെ ലഭിക്കുക. പദ്ധതി നടപ്പാകുന്നതോടെ നേരിട്ടും ഓൺലൈനിലും സാധനങ്ങൾ വാങ്ങുന്ന സന്ദർശകർക്ക് നികുതി തിരികെ ലഭിക്കും.