ഫിഫ ലോകകപ്പ് കളറാക്കാൻ സൗദി അറേബ്യ; വാശിയേറിയ 104 പോരാട്ടങ്ങൾക്ക് വേദിയാകാൻ 15 സ്റ്റേഡിയങ്ങൾ
Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളാകാൻ തയാറെടുത്ത് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ. 5 ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളും 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളുമാണ് ലോകകപ്പിനായി ഒരുങ്ങുക. ഇതിനു പുറമെ 10 ഇടങ്ങളിലായി ടീം ബേസ് ക്യാംപുകളും സജീവമാകും.
നിലവിലുള്ളവ നവീകരിച്ചും പുതിയവ നിർമിച്ചും 15 അത്യാധുനിക സ്റ്റേഡിയങ്ങളാണ് 2034 ൽ ഫിഫ ലോകകപ്പിന്റെ വാശിയേറിയ 104 പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. രാജ്യത്തിന്റെ വാസ്തുശൈലിയുടെ അപൂർവ സൃഷ്ടികളായി ഇവ മാറുമെന്നതിൽ സംശയമില്ല. സ്റ്റേഡിയങ്ങളിൽ ചിലതിന്റെ നിർമാണവും മറ്റു ചിലതിന്റെ നവീകരണവും പുരോഗമിക്കുന്നുണ്ട്. ബാക്കിയുള്ള സ്റ്റേഡിയങ്ങൾ പ്ലാനിങ് ഘട്ടത്തിലാണ്.
ലോകോത്തര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങളുള്ള സൗദിയിൽ 20 കായിക നഗരങ്ങൾ തന്നെയുണ്ട്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തിയുളള മത്സരത്തിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഒറ്റ രാജ്യത്ത് തന്നെ 48 ടീമുകളുടെ ഫിഫ ലോകകപ്പിന് വേദിയാകുന്നുവെന്നതും സൗദി ലോകകപ്പിന്റെ പ്രത്യേകതയാണ്.
∙ ആതിഥേയ നഗരങ്ങൾ
തലസ്ഥാന നഗരമായ റിയാദിന് പുറമെ ജിദ്ദ, അൽഖോബാർ, അബ, നിയോം എന്നിവിടങ്ങളിലായാണ് 48 ടീമുകളുടെ 104 മത്സരങ്ങൾ നടക്കുന്നത്. റിയാദിൽ 8, ജിദ്ദയിൽ 4, അൽകോബാറിലും അബയിലും നിയോമിലുമായി ഓരോ സ്റ്റേഡിയങ്ങൾ വീതവുമാണുള്ളത്. ഇതിനു പുറമെ അൽ ബഹ, ജസൻ, തെയ്ഫ്, അൽ മദീന, അൽ ഉല, ഉംലുജ്, തബൂക്, ഹെയ്ൽ, അൽ അഹ്സ, ബുറെയ്ദ എന്നീ 10 ആതിഥേയ കേന്ദ്രങ്ങളിലായി ടീം ബേസ് ക്യാംപുകളും സജ്ജമാകും.
∙ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികൾ
റിയാദിലെ കിങ് സൽമാൻ പാർക്ക്, ഖ്വിദ്ദിയ ലാർജ് ഫെസ്റ്റിവൽ ഗ്രൗണ്ട്, ജിദ്ദയിലെ ജിദ്ദ വാട്ടർ ഫ്രണ്ട്, ഖുസാം പാർക്ക്, അൽഖോബാറിലെ കിങ് ഫഹദ് പാർക്ക്, അബ്ബയിലെ അൽ ബിഹാർ സ്ക്വയർ, അൽ ധബാബ് പാർക്ക്, നിയോം നഗരത്തിൽ ദ് മറീന സ്റ്റെപ്സ്, ദ് മറീന എന്നിങ്ങനെ 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളാണുള്ളത്.
അത്യാധുനികവും ലോകോത്തരവുമായ നിലവിലെയും നിർമാണം പുരോഗമിക്കുന്നതും നിർമാണത്തിലേക്ക് കടക്കുന്നതുമായ ലോകകപ്പ് വേദികളെക്കുറിച്ച് അറിയാം.
∙ റിയാദിലെ സ്റ്റേഡിയങ്ങൾ
1. കിങ് സൽമാൻ രാജ്യാന്തര സ്റ്റേഡിയം
ലോകകപ്പിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങളുടെ വേദിയാണിത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമായി മാറും. 2029 ൽ നിർമാണം പൂർത്തിയാകുന്ന സ്റ്റേഡിയത്തിൽ 92,000 പേർക്ക് ഇരിക്കാൻ കഴിയും. ഗ്രീൻ റിയാദ് വികസന പദ്ധതിക്കനുസൃതമാണ് നിർമാണം. ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് പുറമെ ഗ്രൂപ്പ് ഘട്ടം, റൗണ്ട് 32, റൗണ്ട് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയ്ക്കും വേദിയാകും.
2. കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം
നിർമാണം പുരോഗതിയിൽ. 70,000 കാണികളെ ഉൾക്കൊള്ളും. 2026 ൽ പൂർത്തിയാകും. സൗദി അറേബ്യയിലെ പരമ്പരാഗത കൂടാരങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ഡിസൈൻ. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം, റൗണ്ട്–32, റൗണ്ട്–16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ ഉൾപ്പെടെയുള്ളവയ്ക്ക് വേദിയാകും.
3. ന്യൂ മുറബ്ബ സ്റ്റേഡിയം
ലോകകപ്പിനും 2 വർഷങ്ങൾ മുൻപേ 2032 ൽ പൂർത്തിയാകും. 46,000 പേർക്ക് ഇരുന്ന് കളി കാണാം. സൗദിയുടെ തദ്ദേശീയ മരമായ അക്കേഷ്യയുടെ തൊലിയുടെ നിറത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട–32 മത്സരങ്ങൾക്കാണ് വേദിയാകുന്നത്.
4. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം
ഖ്വിദ്ദിയയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. 46,000 പേർക്ക് ഇരിക്കാം. തുവെയ്ഖ് മലനിരകൾക്ക് അഭിമുഖമായുള്ള സ്റ്റേഡിയമാണിത്. മഴവിൽ നിറങ്ങളിലുള്ള ഗ്ലാസും തിളങ്ങുന്ന ലോഹവും കൊണ്ടുള്ള നിർമിതി രാജ്യത്തിന്റെ അമൂല്യ സൃഷ്ടികളിലൊന്നാകും. ഗ്രൂപ്പ് ഘട്ടം, റൗണ്ട് 32, റൗണ്ട് 16, തേഡ് പ്ലേസ് പ്ലേസ് ഓഫ് എന്നീ മത്സരങ്ങൾക്ക് വേദിയാകും.
5. റോഷ്ൻ സ്റ്റേഡിയം
46,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം 2032 ൽ പൂർത്തിയാകും. തിളക്കമേറിയ സ്ഫടികം കൊണ്ടുള്ള പുറം നിർമിതിയാണ് റോഷ്ൻ സ്റ്റേഡിയത്തിന്റെ സവിശേഷതയാകുക. ഗ്രൂപ്പ് സ്റ്റേജ് ഫിക്സ്ചർ വേദിയാണിത്. റൗണ്ട്–32 വിലെ കുറഞ്ഞത് ഒരു മത്സരത്തിനെങ്കിലും വേദിയാകും.
6. പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം
2027 ൽ നിർമാണം പൂർത്തിയാകുന്ന സ്റ്റേഡിയത്തിൽ 46,000 പേർക്കുള്ള ഇരിപ്പിടമുണ്ടാകും. തദ്ദേശീയ സാമഗ്രികൾ കൊണ്ടു നിർമിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റും പച്ചപ്പ് നിറയ്ക്കാനാണ് പദ്ധതി. സുസ്ഥിര ടൂർണമെന്റ് എന്ന പ്രതിജ്ഞാ ബദ്ധതയുടെ ഭാഗമാണിത്. ഗ്രൂപ്പ് ഘട്ടത്തിന് പുറമെ റൗണ്ട്–32 മത്സരങ്ങൾക്കും വേദിയാകും.
7. സൗത്ത് റിയാദ് സ്റ്റേഡിയം
47,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം 2032 ൽ പൂർത്തിയാകും. നജ്ദ റീജനിലെ വാദി ഹനീഫ നദീതടത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചുള്ള ഡിസൈൻ ആണ് സ്റ്റേഡിയത്തിന്. ഗ്രൂപ്പ് ഘട്ടത്തിലെയും റൗണ്ട് 32 മത്സരങ്ങളാണ് ഇവിടെ നടക്കുക. പ്രഫഷനൽ ഫുട്ബോൾ ക്ലബ്ബിന്റെ ആസ്ഥാനമാകുമിത്. കായിക, വിനോദ പരിപാടികൾക്കും വേദിയാകും.
8. കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം
നിലവിലെ സ്റ്റേഡിയമാണിത്. ലോകകപ്പിനായി കളിക്കളം വലുതാക്കും. ഇരിപ്പിട ശേഷി 26,100 ൽ നിന്ന് 46,000 ആക്കി ഉയർത്തും. 2032 ൽ നവീകരണം പൂർത്തിയാക്കും. ഗ്രൂപ്പ് ഘട്ടം, റൗണ്ട്–32 എന്നീ മത്സരങ്ങളാണ് ഇവിടെ നടക്കുക. നിലവിൽ സൗദി പ്രോ ലീഗ് ഉൾപ്പെടെയുള്ള മത്സര വേദിയാണ്.
∙ ജിദ്ദ നഗരത്തിലെ സ്റ്റേഡിയങ്ങൾ
1. ഖിദ്വിയ കോസ്റ്റ് സ്റ്റേഡിയം
46,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിന്റെ നിർമാണം 2032 ൽ പൂർത്തിയാകും. വിഖ്യാത മെക്സിക്കൻ വേവിനെ ഓർമ്മിപ്പിക്കുന്നതാണ് ഡിസൈൻ. ഗ്രൂപ്പ് ഘട്ടം, റൗണ്ട്–32, റൗണ്ട്–16 മത്സരങ്ങളുടെ വേദിയാകും.
2. ജിദ്ദ സെൻട്രൽ ഡവലപ്മെന്റ് സ്റ്റേഡിയം
2027 ൽ നിർമാണം പൂർത്തിയാകും. 45,000 പേർക്ക് ഇരിക്കാം. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയതും ഏഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതുമായ അൽ ബലാദ് ജില്ലയുടെ പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. ഗ്രൂപ്പ് ഘട്ടം, റൗണ്ട് 32 മത്സരങ്ങൾക്ക് വേദിയാകും.
3. കിങ് അബ്ദുല്ല ഇക്കോണമിക് സിറ്റി സ്റ്റേഡിയം
45,000 കാണികൾക്ക് ഇരിക്കാം. 2032 ൽ നിർമാണം പൂർത്തിയാകും. പ്രാദേശിക പവിഴപുറ്റുകളുടെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഡിസൈൻ. ഗ്രൂപ്പ് ഘട്ടംം, റൗണ്ട് 32 മത്സരങ്ങളുടെ വേദിയാണ്.
4. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം
2014 ൽ തുറന്ന സ്റ്റേഡിയത്തിന് 58,000 ആണ് ഇരിപ്പിട ശേഷി. തിളങ്ങുന്ന രത്നം എന്നാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. ഡബ്ള്യുഡബ്ള്യുഇ പ്രീമിയം ലൈവ് ഇവന്റ്സ്, ബോക്സിങ് മത്സരങ്ങൾ, 2023 ഫിഫ ക്ലബ് ലോകകപ്പ് ഫൈനൽ തുടങ്ങി ഒട്ടനവധി ഇവന്റുകൾക്ക്് വേദിയായിട്ടുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളും നോക്ക്–ഔട്ട് റൗണ്ട് മുതൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്കും വേദിയാകും.
∙ അൽഖോബാർ
1. അരാംകോ സ്റ്റേഡിയം
നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയം 2026 ൽ പൂർത്തിയാകും. അൽഖോബാറിലെ ഏക സ്റ്റേഡിയമാണിത്. 46,000 പേർക്കുള്ള ഇരിപ്പിടമുണ്ടാകും. കടലിന്റെ പ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന വെള്ളത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ഡിസൈൻ. റൗണ്ട് 32, റൗണ്ട് 16, ഗ്രൂപ്പ് ഘട്ടം മത്സരങ്ങളാണ് നടക്കുക.
∙ നിയോം നഗരം
1. നിയോം സ്റ്റേഡിയം
സമുദ്ര നിരപ്പിൽ നിന്നും 350 മീറ്റർ ഉയരത്തിലാണ് സ്റ്റേഡിയത്തിന്റെ പിച്ച്. സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്ന സ്റ്റേഡിയമാണിത്. 46,000 പേർക്ക്് ഇരിക്കാം. മുഴുവനായും പുനരുപയോഗ ഊർജം കൊണ്ടാകും പ്രവർത്തനം സൗദിയുടെ അവിസ്മരണീയ നഗരമായി മാറുന്ന ഇടമാണ് നിയോം. ഗ്രൂപ്പ് ഘട്ടം മുതൽ റൗണ്ട്–32, റൗണ്ട്–16, ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. ലോകകപ്പിന് ശേഷം പ്രൊഫഷനൽ ഫുട്ബോൾ ക്ലബ്ബിന്റെ ആസ്ഥാനമാകും.
∙ അബ നഗരം
1. കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം
നിലവിലുള്ള സ്റ്റേഡിയമാണിത്. സീറ്റുകളുടെ എണ്ണം 22,000 ത്തിൽ നിന്ന് 45,000 ആക്കും. നവീകരണത്തിന് ശേഷം 2032 ൽ തുറക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയാകും നവീകരണം. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെയും റൗണ്ട് –32, റൗണ്ട് –16 മത്സരങ്ങളുടെ വേദിയാകും.