'ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചു വളരുക അത്ര എളുപ്പമല്ല, ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞാലും രാജ്യത്തിനുവേണ്ടി കളിക്കും': സഞ്ജു സാംസണ്
Mail This Article
ദുബായ് ∙ ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചു വളരുക അത്രയെളുപ്പമല്ലെന്ന് ഇന്ത്യൻ താരം സഞ്ജു സാംസൺ. ഒരാൾ ക്രിക്കറ്റിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഒട്ടേറെ പ്രതിബന്ധങ്ങൾ ഉയർന്നുവരും. പല ഭാഗത്ത് നിന്നും പിന്തിരിപ്പൻ അഭിപ്രായങ്ങളും നെഗറ്റീവിറ്റികളും ഉണ്ടാകും. ഇത്തരം എതിർപ്പുകളും എതിരഭിപ്രായങ്ങളുമെല്ലാം കാര്യമാക്കാതെ ധൈര്യമായി മുന്നോട്ടുപോകണമെന്നാണ് യുവ ക്രിക്കറ്റ് കളിക്കാരോട് എനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടാം വയസ്സിൽ എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് കുടുംബവും നാട്ടുകാരും മാധ്യമങ്ങളുമാണ്. അവർക്ക് തന്നെയാണ് എപ്പോഴും നന്ദി പറയാനുള്ളത്. ഏതു കരിയർ തിരഞ്ഞെടുക്കുമ്പോഴും നെഗറ്റിവിറ്റികളുണ്ടാകും. എന്നാൽ ക്രിക്കറ്റ് വഴി ലഭിക്കുന്ന സമ്പത്തും പ്രശസ്തിയും വളരെ വലുതാണെന്നും ദുബായിൽ സ്വകാര്യ ചടങ്ങിൽ സംബന്ധിക്കാനെത്തിയ സഞ്ജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി ഇടയ്ക്ക് കളിക്കുന്നു. അൻപതടിക്കുന്നുണ്ട്, മുപ്പതും ഇരുപതും അടിച്ച് പുറത്താകുന്നു തുടങ്ങിയ അഭിപ്രായങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിൽ വലിയ വിജയം ഈ വർഷം അവസാനമാണുണ്ടായത്. ആ സന്തോഷം എനിക്ക് മാത്രമല്ല, കുടുംബത്തിനും കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം ഉണ്ട്. കുറേ നാളായി കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. ഏതൊരു കളിക്കാരനെയും നന്നായി കളിക്കുമ്പോൾ ഏറെ ആളുകൾ പിന്തുണയ്ക്കാനുണ്ടാകും.
എന്നാൽ, ഞാൻ പരാജയപ്പെടുമ്പോഴും മോശമായ അവസ്ഥയിലുണ്ടാകുമ്പോഴും ആളുകൾ പിന്തുണയുമായി നിൽക്കുന്നു എന്ന സന്തോഷമുണ്ട്. ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞാലും ഇന്ത്യക്ക് വേണ്ടി പോയി കളിക്കുമെന്നും സഞ്ജു പറഞ്ഞു.