ആതുരസേവന രംഗത്തെ തീക്ഷ്ണജീവിതങ്ങൾ; അനുഭവങ്ങളുടെ വെളിച്ചത്തിൽ യുവ ഡോക്ടറുടെ പുസ്തകം
Mail This Article
ദുബായ്∙ നാട്ടിൽ ആതുരസേവനം നടത്തുന്നതിനിടെയുള്ള തീക്ഷ്ണാനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി കൈപ്പുസ്തകമെഴുതിയിരിക്കുകയാണ് ഡോ.മെഹ്നാസ് അബ്ദുല്ല. കഴിഞ്ഞ ദിവസം ദുബായിൽ പ്രകാശനം ചെയ്ത എ ഹാൻഡ് ബുക്ക് ഫോർ കെയർഗിവേഴ്സ്–മെൻസ്ട്ര്വൽ മാനേജ്മെന്‍റ് ഇൻ ദ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ(ഇന്‍റലക്ച്വലി ചലഞ്ചഡ്) എന്ന ഇംഗ്ലിഷ് പുസ്തകം ലളിതമായ രീതിയിൽ ഈ വിഷയത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുന്നു.
∙സങ്കടക്കടൽ ഉള്ളിലൊളിപ്പിച്ച് ആ ദമ്പതികളും 35കാരിയായ മകളും
കർണാടകയിലെ മംഗളൂരുവിൽ ഡോക്ടറായിരിക്കെയാണ് ഒരു സങ്കടക്കടൽ ഉള്ളിലൊളിപ്പിച്ച് മുന്നിലെത്തിയ ആ അമ്മയെയും 35 കാരിയേയും ഡോ.മെഹ്നാസ് അടുത്തറിഞ്ഞത്. പ്രായത്തിന്‍റെ ശാരീരിക വളർച്ചയുണ്ടെങ്കിലും മാനസികമായി കുട്ടിയായിരുന്നു മകൾ. പ്രായമായ തങ്ങൾ ഇല്ലാതായിപ്പോയാൽ മകളെ ആരു പരിചരിക്കും എന്നതായിരുന്നു ആ മാതാപിതാക്കളുടെ ആശങ്ക. മകളുടെ മറ്റു ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരവും അവർക്ക് തേടേണ്ടതുണ്ടായിരുന്നു. അന്ന് അവരെ മാർഗനിർദേശങ്ങൾ നൽകി പറഞ്ഞയച്ചെങ്കിലും ആ നാലു മുഖങ്ങൾ ഡോ.മെഹ്നാസിന്‍റെ മനസിൽ നിന്ന് അകന്നതേയില്ല.
അങ്ങനെയാണ് ഈ യുവ ഡോക്ടർ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെയും മുതിർന്നവരെയുമെല്ലാം പരിചരിക്കേണ്ടതെങ്ങനെയെന്ന പുസ്തകത്തെക്കുറിച്ച് ചിന്തിച്ചത്. അത്തരമൊരു വഴികാട്ടിയായ പുസ്തകമൊന്നും ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഈ വിഷയത്തിൽ പഠനം തുടങ്ങി. ഇത്തരം കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തി.
മൂന്ന് വർഷത്തോളം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ സങ്കടങ്ങളും അവരനുഭവിക്കുന്ന മാനസിക വേദനകളുമെല്ലാം പഠനവിധേയമാക്കിയാണ് എ ഹാൻഡ് ബുക്ക് ഫോർ കെയർഗിവേഴ്സ്–മെൻസ്ട്ര്വൽ മാനേജ്മെന്‍റ് ഇൻ ദ് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ(ഇന്‍റലക്ച്വലി ചലഞ്ചഡ്) തയ്യാറാക്കിയത്. ഈ പുസ്തകത്തിന് വേണ്ടി താൻ നടത്തിയ യാത്ര ജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചയുണ്ടാകാൻ വഴിയൊരുക്കിയെന്ന് ഡോ.മെഹ്നാസ് പറഞ്ഞു. ഈ പുസ്തകം പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലിഷ മൂപ്പൻ പറഞ്ഞു. ചിത്രങ്ങൾ സഹിതമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 2 വർഷമായി ദുബായിലെ ആസ്റ്റർ ക്ലിനിക്കില്‍ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് സ്പെഷ്യലിസ്റ്റ് ആണ് കണ്ണൂർ താണ സ്വദേശിയായ ഡോ.മെഹ്നാസ്. ഫിസിക്കൽ തെറാപ്പിസ്റ്റ് എം. ഷെംജാസ് അറക്കൽ, പീഡിയാട്രിക് ഡെന്‍റിസ്റ്റ് ഡോ.ഷെഹ്നാസ് ഫറാസ് എന്നിവര്‍ പിന്തുണ നൽകി. ജനറൽ പ്രാക്ടീഷനർ ഡോ.ഗുൽനാസ് അബ്ദുല്ലയാണ് പുസ്തകം മനോഹരമായി ഒരുക്കാൻ സഹായിച്ചത്.