ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
Mail This Article
ലിയോണിങ്∙ ചൈന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്. നിലവിലുള്ള ഡാലിയൻ ഷൗഷൂസി രാജ്യാന്തര വിമാനത്താവളത്തിന് പകരമായാണ് പുതിയത് നിർമിക്കുക.
20.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വലിപ്പത്തിലും അളവിലും ലോകത്തിലെ മറ്റെല്ലാ വിമാനത്താവളങ്ങളെയും മറികടക്കും. ഹോങ്കോങ് രാജ്യാന്തര വിമാനത്താവളം (12.48 ചതുരശ്ര കിലോമീറ്റർ), കൻസായി വിമാനത്താവളം (10.5 ചതുരശ്ര കിലോമീറ്റർ) എന്നിവയേക്കാൾ വലുതായിരിക്കും ഇത്.
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും സമീപം തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഡാലിയൻ തിരക്കേറിയ തുറമുഖ നഗരമാണ്. 60 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരം എണ്ണ ശുദ്ധീകരണശാലകൾ, ഷിപ്പിങ്, ലോജിസ്റ്റിക്സ്, തീരദേശ ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രമാണ്.
മനുഷ്യ നിർമിത ദ്വീപ് നിർമിക്കാൻ ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ മണലും പാറയും ഉപയോഗിച്ച് വിപുലമായ നിലം നികത്തൽ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുക. പൂർത്തിയാകുമ്പോൾ, വിമാനത്താവളത്തിൽ നാല് റൺവേകളും 900,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ ടെർമിനലും ഉണ്ടാകും. തുടക്കത്തിൽ, ടെർമിനൽ പ്രതിവർഷം 43 ദശലക്ഷം യാത്രക്കാർക്ക് സഞ്ചാരത്തിന് അവസരം ഒരുക്കും.
4.3 ബില്യൻ ഡോളർ ചെലവ് വരുന്ന ഈ പദ്ധതി 2035ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റിൽ, 77,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സ്ഥലത്തിന്‍റെ അടിസ്ഥാന ജോലികൾ പൂർത്തിയായി.
ജാപ്പനീസ് അധിനിവേശകാലത്ത് ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് നിർമിച്ച ഡാലിയൻ ഷൗഷൂസി വിമാനത്താവളം പല തവണ വിപുലീകരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോൾ അതിന്‍റെ പരമാവധി ശേഷിയിൽ എത്തിയതായിട്ടാണ് റിപ്പോർട്ടുരൾ. കഴിഞ്ഞ വർഷം 658,000 രാജ്യാന്തര യാത്രക്കാരെ ഈ വിമാനത്താവളം ഉപയോഗിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.