തിരുപ്പിറവി, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രാധാന്യവും പദവിയും ലഭിച്ച പുണ്യരാത്രി
Mail This Article
സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, പ്രകാശത്തിന്റെയും കുളിരോർമയുമായി വീണ്ടുമൊരു ക്രിസ്മസ് കാലമെത്തി. പല രീതിയിൽ ക്രിസ്മസ് വ്യത്യസ്തതകളുടെ രാത്രിയാണ്. എല്ലാവരും വലിയവരാകാൻ ആഗ്രഹിക്കുമ്പോൾ ദൈവം എളിയവനായ രാത്രി.
ലോകം ക്രിസ്മസ് ആരവങ്ങളിൽ മുഴുകുമ്പോൾ യുദ്ധങ്ങളുടെ അപശ്രുതികൾ ലോക മനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. യുദ്ധമുഖങ്ങളിൽ അനാഥരായ കുരുന്നുകളും, പിച്ചിച്ചീന്തപ്പെട്ട സ്ത്രീത്വവും, കാലാവസ്ഥാ വ്യതിയാനങ്ങളുമെല്ലാം ഈ കാലഘട്ടത്തിൽ നീതിയോടുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നു. തിരുപ്പിറവിയുടെ ആദ്യ സന്ദേശം ശ്രവിച്ചത് ആട്ടിടയന്മാരാണ്.
ഒരു മേൽക്കൂര പോലും അവകാശപ്പെടാനില്ലാത്ത ഇടയന്മാർ. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവർ, പദവികൾ ഇല്ലാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു പ്രാധാന്യവും പദവിയും ലഭിച്ച രാത്രിയായിരുന്നു തിരുപ്പിറവിയുടേത്. അഭയാർത്ഥികൾ, പീഡിതർ, യുദ്ധക്കെടുതികളിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾ, അവഗണന ഏറ്റുവാങ്ങുന്നവർ ഇവരെയെല്ലാം ചേർത്തു നിർത്താൻ ക്രിസ്മസ് നമ്മോട് പറയുന്നു. ക്രിസ്മസിന്റെ ഓരോ അലങ്കാരവും ചിലതു പറയുന്നുണ്ട്.
പുൽക്കൂട് പിറക്കാൻ ഇടമില്ലാതെ അലഞ്ഞവന്റെ നൊമ്പരങ്ങളുടെ ഓർമപ്പെടുത്തൽ ആണ്. നക്ഷത്രങ്ങളും മെഴുകുതിരികളും വെളിച്ചത്തിലേക്കു നയിക്കുന്നു. നക്ഷത്രം ദൈവിക ജ്ഞാനത്തിന്റെ വഴികളിലെ വഴി കാട്ടിയും മെഴുകുതിരി നിർമലതയുടെ അടയാളവുമാണ്. ക്രിസ്മസ് ട്രീ നിത്യജീവന്റെ പ്രതീകമാണ്. ശരത്കാലത്തിന്റെ ഇലപൊഴിച്ചിലുകളെ അതിജീവിച്ച് ഹരിതാഭയോടെയാണ് അത് നിൽക്കുന്നത്. ദൈവപുത്രനെ ദൈവം ലോകത്തിന് സമ്മാനിച്ചതുപോലെ നമ്മൾ അപരന് സമ്മാനമായിത്തീരണമെന്ന് സാന്താക്ലോസ് ഓർമപ്പെടുത്തുന്നു.
സ്വാർത്ഥതയും അഹന്തതയുമെല്ലാം ഇല്ലാതാക്കി ക്രിസ്മസിന്റെ സന്തോഷം മറ്റുള്ളവർക്ക് പകരണം വെളിച്ചമായും നന്മയായും അപരന്റെ പ്രതീക്ഷയായും ഈ ക്രിസ്മസ് കാലത്തിൽ നമ്മൾ മാറണം.