ബികെഎസ് സംഗീത രത്ന പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിന് ; അവാർഡ് ദാന ചടങ്ങ് 26ന്
Mail This Article
മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ബികെഎസ് സംഗീത രത്ന പുരസ്കാരം സംഗീത സംവിധായകൻ ജെറി അമൽദേവിന്. കഴിഞ്ഞ 40 വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
1 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 26 ന് സമാജത്തിന്റെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വിശദമാക്കി.
സമാജം മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച ഓഡിഷനിൽ നിന്നും തിരഞ്ഞെടുത്ത 50 ഗായകരാണ് 26ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 26ന് വൈകുന്നേരം 6.30ന് ക്രിസ്മസ് കേക്ക് മത്സരവും 7 മണിക്ക് ക്രിസ്മസ് ട്രീ മത്സരവും തുടർന്ന് നാടൻ കാരളും നടക്കുമെന്ന് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം പറഞ്ഞു. വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്മസ് ആഘോഷ കമ്മറ്റി കൺവീനർ ബിൻസി റോയ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ബിൻസി റോയ്: 3392 9920, അജയ് പി.നായർ: 3913 0301 സജി കുടശ്ശനാട്: 39828223