വയനാട് ദുരിതം: ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടിക അപാകതകൾ നിറഞ്ഞത്; വിമർശിച്ച് ടി. സിദ്ദീഖ് എംഎൽഎ
Mail This Article
ദോഹ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനവും സംസ്ഥാന സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും ദുരിതബാധിതരെ പ്രതിസന്ധിയിലാക്കിയെന്ന് ടി. സിദ്ദീഖ് എംഎൽഎ. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടിക അപാകതകൾ നിറഞ്ഞതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളോടോ ജനപ്രതിനിധികളോടോ ദുരന്തബാധിതരോടോ ആലോചിക്കാതെയാണ് പുനരധിവാസം ഘട്ടം ഘട്ടമായി നിർവഹിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടി. സിദ്ദീഖ് പറഞ്ഞു.
പുനരധിവാസത്തിനുള്ള ആദ്യ കരട് പട്ടികയിൽ മുണ്ടക്കൈ ഭാഗത്ത് മാത്രം 65 പേരുകളാണ് ആവർത്തിക്കുന്നത്. ബന്ധപ്പെട്ട ആരോടും ആലോചിക്കാതെയാണ് തീരുമാനങ്ങൾ. എവിടെ നിന്നാണ്, ആരാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സർക്കാർ വ്യക്തമാക്കണം. പുനരധിവാസത്തിൽ സഹകരിക്കാൻ തയാറുള്ള സ്പോൺസർമാരെ വിളിച്ചുകൂട്ടുമെന്നത് സർക്കാർ നൽകിയ ഉറപ്പാണ്. ഇതുവരെ അത് നടന്നിട്ടില്ല. ദുരിതബാധിതർ ഇപ്പോൾ മുന്നോട്ട് പോകുന്നത് പൊതുസമൂഹത്തിന്‍റെ പിന്തുണയിലാണ്. ചൂരൽമല-മുണ്ടക്കൈ ദുരന്തം പ്രകൃതി ദുരന്തമായിരുന്നുവെങ്കിൽ പുനരധിവാസത്തിൽ സർക്കാർ വലിയ ദുരന്തമായി മാറി.
ഒരു ഉത്തരവാദിത്തവുമില്ലാതെയാണ് ഒന്നാം ഘട്ട ഗുണഭോക്തൃ പട്ടിക സർക്കാർ തയാറാക്കിയത്. ദുരന്തബാധിതരെ ഏറ്റവും വലിയ കെടുതിയിലാക്കുന്ന മറ്റൊരു ദുരന്തമായി സർക്കാർ സംവിധാനം മാറുന്നു. സർക്കാറിന്‍റെ ഈ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വരെ പ്രക്ഷോഭം വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു.