ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്
Mail This Article
മനാമ ∙ ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി. 1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഛായാചിത്രവും സിൽവർ ജൂബിലി ലോഗോയും ഉണ്ട്. മറുഭാഗത്ത് അൽ സഖീർ കൊട്ടാരത്തിന്റെ സവിശേഷതയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
അത്യാധുനിക 3ഡി സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന തരത്തിലാണ് നാണയം പുറത്തിറക്കിയിട്ടുള്ളത്. സിബിബിയുടെ സ്മാരക നാണയ രൂപകല്പനകളിൽ ആദ്യത്തേതാണിത്. നാണയത്തിന്റെ വിൽപ്പനയിൽ നിന്നുള്ള എല്ലാ വരുമാനവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) വഴി ചാരിറ്റബിൾ ഓർഗനൈസേഷനുകളിലേക്കും ഫണ്ടുകളിലേക്കും എടുക്കുന്ന തരത്തിലായിരിക്കണമെന്നും രാജാവിന്റെ നിർദേശമുണ്ട്. വെള്ളി നാണയത്തിന്റെ വിൽപ്പന ഉടൻ പ്രഖ്യാപിക്കും, 'മവാഇദ്' നാഷനൽ അപ്പോയിന്റ്മെന്റ് സിസ്റ്റം ആപ്പ് വഴി ബുക്കിങ് ആരംഭിക്കും. വിവരങ്ങൾക്ക് www.bahrain.bh/apps എന്ന ഇ ഗവൺമെന്റ് ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
∙ ബഹ്‌റൈൻ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തി നാല് സ്റ്റാംപുകളും
ആധുനിക ബഹ്‌റൈൻ രാഷ്ട്രം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി, ബഹ്‌റൈന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്, ഗതാഗത മന്ത്രാലയം രാജാവ് ഹമദ് ബിൻ ഈസ അൽ-ഖലീഫയുടെ ഛായാചിത്രം ഉൾക്കൊള്ളുന്ന നാല് സ്റ്റാംപുകളും തപാൽ വകുപ്പ് പുറത്തിറക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ അതിന്റെ പൂർണ അംഗത്വത്തിന്റെ വാർഷികം, കൂടാതെ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ വാർഷികം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണ് സ്റ്റാംപുകൾ പുറത്തിറക്കിയിട്ടുള്ളത്.
ദേശീയ സംഭവങ്ങളുടെ സ്മരണകളും നാഷനൽ ആക്ഷൻ ചാർട്ടറും 20,000-ലധികം പൗരന്മാരുടെ പേരുകൾ കൊത്തിവച്ചിട്ടുള്ള അതിന്റെ ആകർഷണീയമായ കെട്ടിടവും അതിന്റെ പ്രമേയമായി തിരഞ്ഞെടുത്തിട്ടുണ്ട്. 500 ഫിൽസിന്റെ മൂല്യമുള്ള സ്മരണിക സ്റ്റാംപുകളും രണ്ടര ദിനാർ വിലയുള്ള ആദ്യദിന പതിപ്പിന്റെ ഒരു സെറ്റും തപാൽ മ്യൂസിയത്തിലും ബഹ്‌റൈൻ പോസ്റ്റിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്. ബഹ്‌റൈൻ രാജാവിന്റെ മാത്രം ചിത്രമുള്ള അഞ്ച് സെറ്റുകൾ അടങ്ങുന്ന ഒരു ഷീറ്റിന്അഞ്ച് ദിനാറും എൻവലപ്പിന് ഒന്നര ദിനാറുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.