തീരത്തുണ്ട് അമേരിഗൊ വെസ്പുച്ചി; സൗജന്യമായി കാണാം, മുൻകൂട്ടി ബുക് ചെയ്യണം
Mail This Article
അബുദാബി ∙ ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ സൗജന്യമായി സന്ദർശിക്കാൻ യുഎഇ നിവാസികൾക്ക് അവസരം. അബുദാബി മിനാ സായിദ് ക്രൂസ് ടെർമിനലിൽ നങ്കൂരമിട്ടിരിക്കുന്ന ഇറ്റാലിയൻ നാവികസേനയുടെ കപ്പലായ അമേരിഗൊ വെസ്പുച്ചിയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
വെള്ളിയാഴ്ച യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ കപ്പലിന് മിനാ പോർട്ട് അധികൃതരും യുഎഇയിലെ ഇറ്റാലിയൻ എംബസി അധികൃതരും ചേർന്ന് വൻ വരവേൽപു നൽകി. 31വരെ അബുദാബിയിൽ തുടരുന്ന കപ്പൽ സന്ദർശിക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. രാവിലെ 10 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.
ചരിത്രപ്രാധാന്യമുള്ള കപ്പലിന്റെ സുന്ദരമായ അകക്കാഴ്ചകൾക്കൊപ്പം ഇറ്റലിയുടെ കലാസാംസ്കാരിക, സാങ്കേതിക പൈതൃകവും തനത് സംഗീതവും ഭക്ഷണവും അനുഭവിച്ചറിയാം. ഒലിവ് ഓയിലിന്റെ ഉൽപാദം സംബന്ധിച്ച ക്ലാസുകളും കേൾക്കാം. 93 വർഷത്തെ പഴമയുടെ പെരുമയ്ക്കിടയിൽ ലോക പര്യടനത്തിന്റെ ഭാഗമായി ആദ്യമായാണ് കപ്പൽ യുഎഇയിൽ എത്തുന്നത്. സൗത്ത് അമേരിക്ക, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് യുഎഇയിൽ എത്തിയത്. യുഎഇ ജനതയ്ക്ക് പുത്തൻ കാഴ്ചകൾ സമ്മാനിച്ച് പുതുവർഷം ആഘോഷിച്ച ശേഷം കപ്പൽ ഒമാനിലേക്കു യാത്ര തിരിക്കും. ബുക്കിങിന് tourvespucci.it