യുഎഇ നിവാസികൾക്ക് മഴപ്പേടി വേണ്ട; പുതുവർഷ പുലരി ആഘോഷമാക്കാം
Mail This Article
അബുദാബി ∙ യുഎഇ നിവാസികൾക്ക് തെളിഞ്ഞ കാലാവസ്ഥയോടെ പുതുവർഷത്തെ വരവേൽക്കാം. 31ന് രാത്രിയോ ജനുവരി ഒന്നിന് പകലോ മഴ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ പകൽ ശരാശരി താപനില 24 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 20 ഡിഗ്രിയുമായിരിക്കും. പുതുവർഷ പുലരിയിൽ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. രാത്രിയിൽ താപനില 18 ഡിഗ്രിയായി കുറയും. ഇന്നും നാളെയും രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും ഉൾപ്പദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും.
ജനുവരി ഒന്നിന് വൈകിട്ട് തീരപ്രദേശങ്ങളിലും വടക്കു ഭാഗങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. കാറ്റ് ശക്തിപ്രാപിച്ച് മണിക്കൂറിൽ 40 കി.മീ വേഗത്തിൽ വീശും. താപനില കുറയും. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.വ്യാഴാഴ്ച കാറ്റിന്റെ വേഗം 50 കി.മി ആയി ഉയരും. കടൽ കൂടുതൽ പ്രക്ഷുബ്ധമാകും. കുളിക്കാനും മീൻ പിടിത്തത്തിനും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.