അറേബ്യന്‍ ഗള്‍ഫ് കപ്പ്: സെമിയില്‍ ഇന്ന് ഒമാന്‍-സൗദി പോരാട്ടം
Mail This Article
മസ്‌കത്ത് ∙ അറേബ്യന്‍ ഗള്‍ഫ് കപ്പ് സെമി പോരാട്ടത്തിന് ഒമാന്‍ ഇന്നിറങ്ങും. കുവൈത്തിലെ ജാബിര്‍ അല്‍ മുബാറക്ക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട് 6.30ന് ആണ് മത്സരം. സൗദിയാണ് എതിരാളികള്‍.
മികച്ച താരങ്ങളുള്ള സൗദിക്കെതിരായ മത്സരം ഏറെ പ്രധാനമാണെന്ന് ഇതിനായി കളിയിലുടനീളം ശ്രദ്ധയും പരിശ്രമവും ആവശ്യമാണെന്നും റശീദ് ജാബിര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കളിക്കാരിലും വിശ്വാസമുണ്ട്. ഫൈനലില്‍ എത്തുക എന്നതാണ് ലക്ഷ്യം. അതിനായി ടീം പ്രവര്‍ത്തിക്കുന്നുവെന്നും റശീദ് ജാബിര്‍ പറഞ്ഞു.
ഇന്നത്തെ മത്സരത്തിനായി നന്നായി തയ്യാറെടുത്തുവെന്നും ടീം പൂര്‍ണമായി ഒരുങ്ങിയതായും ഒമാന്‍ ഗോള്‍ കീപ്പര്‍ ഫായിസ് അല്‍ റുശൈദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത്സരം എളുപ്പമായിരിക്കില്ല. എങ്കിലും ഒമാനി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വേണ്ടി കളിക്കളത്തില്‍ ത്യാഗം സഹിക്കാന്‍ ടീം തയ്യാറാണെന്നും താരം പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് ഒമാന്‍ സെമി ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ സൗദി തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാണ് സെമിയില്‍ കടന്നത്. ഗള്‍ഫ് കപ്പ് സെമി പോരാട്ടത്തില്‍ ഒമാന്‍ ടീമിന് പിന്തുണ നല്‍കാന്‍ ആയിരക്കണക്കിന് കാല്‍പന്ത് പ്രേമികളുമുണ്ടാകും.
ഒമാനി ആരാധകര്‍ക്കായി അനുവദിച്ച 5,600 ടിക്കറ്റുകളും ഒമാനി ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഒമാനി കാണികള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത്. ഒമാനി ഫുട്‌ബോള്‍ ആരാധകരുമായി മസ്‌കത്തില്‍ നിന്നും കുവൈത്ത് സിറ്റിയിലേക്ക് മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം ഒമാന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്നാണ് പ്രത്യേക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.