പുതുവർഷത്തെ വരവേൽക്കാൻ യുഎഇ; അണിഞ്ഞൊരുങ്ങി റോഡുകളും പാലങ്ങളും
Mail This Article
അബുദാബി ∙ 2024നോട് യാത്ര പറഞ്ഞ് പുതുവർഷത്തെ വരവേൽക്കാൻ യുഎഇയും അണിഞ്ഞൊരുങ്ങി. പ്രധാന റോഡുകളും പാലങ്ങളും വർണവിളക്കുകളാൽ അലങ്കരിച്ചും 2025നെ സ്വാഗതം ചെയ്തുള്ള പാനലുകൾ സ്ഥാപിച്ചുമാണ് രാജ്യം ജനങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കുചേരുന്നത്.
അബുദാബിയിൽ മാത്രം നൂറുകണക്കിന് വർണവിളക്കുകളും ജ്യാമിതീയ രൂപങ്ങളും സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. അബുദാബി കോർണിഷ് സ്ട്രീറ്റ്, ഖലീജ് അൽ അറബ് സ്ട്രീറ്റ്, ഖലീഫ സ്ട്രീറ്റ്, മുഷ്റിഫ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കു അൽവത്ബ റോഡ്, അൽദഫ്ര, അൽഐൻ തുടങ്ങിയ എമിറേറ്റിലെ പ്രധാന റോഡുകൾക്കും സ്ട്രീറ്റുകൾക്കും പുറമേ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽമക്ത പാലം, മുസഫ പാലം എന്നിവയും വർണവിളക്കുകളാൽ തിളങ്ങുകയാണ്. ദുബായിൽ ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ഡൗൺടൗൺ, ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ഇടങ്ങളിലാണ് അലങ്കാരം. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളും പുതുവർഷത്തെ വരവേൽക്കാൻ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
വിവിധ ഷോപ്പിങ് മാളുകളിലും ഗ്ലോബൽ വില്ലേജ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവ കേന്ദ്രങ്ങളിലും പുതുവർഷത്തോട് അനുബന്ധിച്ച് കലാസാംസ്കാരിക, വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഡ്രോൺ ഷോ, ലേസർ ഷോ, വെടിക്കെട്ട് എന്നിങ്ങനെ പുലരുവോളം നീളുന്നതാണ് ആഘോഷ പരിപാടികൾ. പുതുവർഷം പ്രമാണിച്ച് നാളെ അവധിയായതിനാൽ ഇന്നു വൈകിട്ടോടെ തന്നെ ആഘോഷപരിപാടികൾ ആരംഭിക്കും.