തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു; മുന്നറിയിപ്പുമായി യുഎഇ
Mail This Article
ദുബായ് ∙ രാജ്യത്ത് തദ്ദേശീയർക്കിടയിൽ ജനനനിരക്ക് കുറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കുറഞ്ഞ ജനനനിരക്കും പൗരന്മാർക്കിടയിൽ പ്രത്യുൽപാദന തോതിലുണ്ടായ ഇടിവും രാജ്യത്തിനു വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം ജനസംഖ്യാ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും പ്രത്യുൽപാദന തോത് കൂട്ടുകയും വേണമെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ സമിതി മുന്നറിയിപ്പ് നൽകി.
പ്രത്യുൽപാദന നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നയം ചർച്ച ചെയ്യുമെന്ന് നാഷനൽ കൗൺസിൽ അംഗം നാഇമ അൽ ശർഹാൻ അറിയിച്ചു. കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് തയാറാക്കിയ പഠന റിപ്പോർട്ടിൽ സാമ്പത്തിക, സാമൂഹിക ഘടകങ്ങൾ രാജ്യത്തെ പ്രത്യുൽപാദന നിരക്ക് ഇടിയാൻ കാരണമായതായി പറയുന്നു. വിവാഹപ്രായം വൈകുന്നതിന് ഇതെല്ലാം ഘടകങ്ങളാണ്.
വിവാഹത്തോട് വിമുഖത പ്രകടിപ്പിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നത് ഗൗരവമായി കാണേണ്ടതാണെന്നും നാഇമ ചൂണ്ടിക്കാട്ടി. രാജ്യം ഇക്കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് കുടുംബ മന്ത്രാലയം നിലവിൽ വന്നത്.
വിവാഹം ചെയ്ത് ഒരു വർഷം പൂർത്തിയാക്കും മുൻപേ വേർപിരിയുന്ന സ്ഥിതിയും രാജ്യത്തു നിലനിൽക്കുന്നു. ഇവർ പിന്നീട് വിവാഹം കുടുംബം എന്നീ സങ്കൽപങ്ങളിൽ നിന്ന് അകലുകയാണ്.
യുഎഇയിലെ പ്രമുഖ ഫാമിലി കൗൺസലർമാരും സാമൂഹിക പ്രവർത്തകരും ഡോക്ടർമാരും സ്വദേശി യുവാക്കളെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.