ADVERTISEMENT

വിമാനയാത്രകളിൽ സങ്കടവും സന്തോഷവും രസകരവുമായ അനുഭവങ്ങൾ മാത്രമല്ല വല്ലപ്പോഴും ഭാഗ്യവും വന്നുചേരാറുണ്ട്. പലർക്കും പല തരത്തിലാണെന്നു മാത്രം. അത്തരത്തിൽ കയ്യിൽ വന്ന, എന്നാൽ അനുഭവിക്കാൻ കഴിയാതെ പോയ അപൂർവ്വ ഭാഗ്യത്തെക്കുറിച്ചാണ് ഖത്തർ പ്രവാസിയായ ഫിറോസ് നാട്ടുവിന് പറയാനുള്ളത്. 

വിമാനത്തിലെ ജംപ് സീറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കോക്ക്​പിറ്റില്‍ പൈലറ്റിന് തൊട്ടുപിറകിലുള്ള സീറ്റാണ്–കാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള സീറ്റ്.  അത്യപൂർവ സന്ദര്‍ഭങ്ങളില്‍ വേണമെങ്കില്‍ യാത്രക്കാരനും ആ സീറ്റ് അനുവദിക്കും. പക്ഷേ ക്യാപ്റ്റന്റെ രേഖാമൂലമുള്ള അനുമതിയും വേണം. 'വണ്‍ എക്‌സ്' എന്നാണ് ജംപ് സീറ്റിന്റെ നമ്പര്‍.

AIR-TRAVEL-EXPERIENCE-OF-FIROS-NATTU-PRAVASI-NEW
ഫിറോസ് നാട്ടു .ചിത്രം സ്പെഷൽ അറേഞ്ച്മെന്റ്

പൈലറ്റിന് തൊട്ടുപിറകിലുള്ള ജംപ് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയെന്ന് കേള്‍ക്കുമ്പോള്‍ ഹാ കൊള്ളാം! അടിപൊളി. പക്ഷേ മിണ്ടാതെ അനങ്ങാതെ ഇരുന്നുള്ള യാത്ര അത്രയങ്ങ് രസമല്ല. എങ്കിലും ജംപ് സീറ്റിലിരുന്നുള്ള യാത്ര വേറിട്ട അനുഭവം തന്നെയായിരിക്കുമല്ലോ. ജംപ് സീറ്റ് യാത്രക്കുള്ള അസുലഭ അവസരം കയ്യില്‍ എത്തിയിട്ടും അവസാന നിമിഷം അതു നഷ്ടമായതിന്റെ സങ്കടം ഇല്ലാതില്ലെന്നാണ് കോഴിക്കോടുകാരനായ ഫിറോസ് നാട്ടു പറയുന്നത്. 

2024 സെപ്റ്റംബര്‍ 26ന് ലണ്ടനില്‍ നിന്ന് ബഹ്‌റൈനിലേയ്ക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലെ യാത്ര ഫിറോസിന് മറക്കാന്‍ കഴിയില്ല. അപ്രതീക്ഷിതമായി ചെക്ക് ഇന്‍ കൗണ്ടറില്‍ നിന്നു ലഭിച്ച ഭാഗ്യവും കയ്യില്‍ പിടിച്ച് നടന്ന് ബോർഡിങ് ഗേറ്റിലെത്തുക, ഗേറ്റിലെത്തി അവസാന നിമിഷം തന്ന  ഭാഗ്യം അനുഭവിക്കുന്നതിനു മുൻപേ തിരിച്ചെടുക്കുക-എന്താല്ലേ. പക്ഷേ അനുഭവിക്കാന്‍ പറ്റിയില്ലെങ്കിലും ഭാഗ്യം വാഗ്ദാനം ചെയ്ത ടിക്കറ്റ് ഇപ്പോഴും കൈവശം സൂക്ഷിച്ചിട്ടുണ്ട്–യാത്രക്കാരന് അപൂര്‍വമായി ലഭിക്കുന്ന 'വണ്‍ എക്‌സ്' എന്ന ടിക്കറ്റ്.

ദോഹയിലെ ഗോ മുസാഫിര്‍ ഡോട്ട് കോം എന്ന ട്രാവല്‍ ഏജന്‍സിയിലെ ജനറല്‍ മാനേജര്‍ ആണ് ഫിറോസ് നാട്ടു. വര്‍ഷങ്ങളായി എയര്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഗള്‍ഫ് എയര്‍ നല്‍കിയ റിവാര്‍ഡ് ടിക്കറ്റുമായാണ് (എയര്‍ലൈനിന്റെ അതിഥിയായി യാത്ര ചെയ്യാനുള്ള ടിക്കറ്റാണിത്. പ്രത്യേക നിരക്കില്‍ ലഭിക്കുന്ന ടിക്കറ്റിന്റെ ടാക്‌സ് തുക മാത്രം നല്‍കിയാല്‍ മതി) യാത്ര ചെയ്തത്. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാനുള്ള സ്ഥിരീകരിച്ച റിവാര്‍ഡ് ടിക്കറ്റാണ് ലഭിച്ചത്. പക്ഷേ ബിസിനസ് ക്ലാസില്‍ സീറ്റുണ്ടെങ്കില്‍ അങ്ങോട്ടേയ്ക്ക് മാറ്റി കൊടുക്കണമെന്നാണ് നിയമം. 

ലണ്ടനില്‍ നിന്ന് ചെക്ക് ഇന്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഇക്കോണമിയും ബിസിനസ് ക്ലാസും ഫുള്‍. ഫുള്‍ പെയ്‌മെന്റ് നല്‍കിയ യാത്രക്കാര്‍ ഉള്ളതിനാല്‍ റിവാര്‍ഡ് ടിക്കറ്റില്‍ യാത്ര ബുദ്ധിമുട്ടായി. ലണ്ടനില്‍ നിന്ന് ബഹ്‌റൈന്‍ അവിടുന്ന് കൊച്ചി, കൊച്ചിയില്‍ നിന്ന് മാലിദ്വീപ് അങ്ങനെ അത്യാവശ്യമുള്ള യാത്രയിലായിരുന്നു. ലണ്ടനില്‍ നിന്നുള്ള വിമാനം മുടങ്ങിയാല്‍ മറ്റ് വിമാനങ്ങളും കിട്ടില്ല. ആകെപ്പാടെ പെട്ടുവെന്ന് തോന്നിയെങ്കിലും ഗൾഫ് എയർ ജീവനക്കാർ സാഹചര്യം മനസിലാക്കി പ്രവർത്തിച്ചുവെന്നു വേണം പറയാൻ. യാത്രയുടെ അടിയന്തര സാഹചര്യം വിശദമാക്കിയപ്പോള്‍ ലണ്ടനിലെ ഗള്‍ഫ് എയര്‍ മാനേജര്‍ ആണ് ജംപ് സീറ്റ് അനുവദിക്കുമോയെന്ന് പൈലറ്റിനോട് സംസാരിച്ചത്.  പൈലറ്റ് യാത്രയുടെ അടിയന്തര സാഹചര്യം മനസിലാക്കി ജംപ് സീറ്റ് അനുവദിച്ചു. അതിനുള്ള രേഖയിലും ഒപ്പിട്ടു. 

അങ്ങനെ അപൂര്‍വമായ ആ ജംപ് സീറ്റ് ടിക്കറ്റ്-'വണ്‍ എക്‌സ്'- എന്ന ഭാഗ്യവും കയ്യില്‍ പിടിച്ച് ഗേറ്റില്‍ കാത്തിരുന്നു. എയര്‍ലൈന്‍ രംഗത്തെ ജീവിതത്തിനിടെ ആദ്യമായി ലഭിച്ച അസുലഭ നിമിഷമാണ്. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇക്കോണമിയിലെ അല്ലെങ്കില്‍ ബിസിനസ് ക്ലാസിലെ പോലെ ഓടിനടക്കാനൊന്നും കഴിയില്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അടങ്ങിയൊതുങ്ങി ഇരിക്കണം. എന്നാലും ജീവിതത്തിലെ അപൂര്‍വമായ യാത്രയല്ലേ കൈവിട്ടു കളയാന്‍ പാടില്ലല്ലോ.

അങ്ങനെ ഭാഗ്യടിക്കറ്റും കയ്യില്‍ പിടിച്ച് ഒന്നുരണ്ടു മണിക്കൂർ ഗേറ്റിൽ കാത്തിരുന്നു. അവസാന നിമിഷം പക്ഷേ ബിസിനസ് ക്ലാസിലെ യാത്രക്കാരിലൊരാൾ യാത്ര റദ്ദാക്കിയത് ജംപ് സീറ്റ് ഭാഗ്യം നഷ്ടമാക്കി. യാത്ര ബിസിനസ് ക്ലാസിലേയ്ക്ക് മാറ്റിതന്നു. അങ്ങനെ ജംപ് സീറ്റ് യാത്രയെന്ന സ്വപ്‌നവും പൊലിഞ്ഞു. 'അവസാന നിമിഷം അവർ എന്നെ കോക്ക് പിറ്റില്‍ നിന്ന് പുറത്തേക്ക് (ബിസിനസ് ക്ലാസിലേക്ക്) എടുത്തുമാറ്റിയെങ്കിലും വിമാനയാത്രാ ജീവിതത്തിലെ ഓര്‍മ്മചിത്രങ്ങളിലേക്ക് 'വണ്‍ എക്‌സ്' എന്ന അപൂര്‍വ ടിക്കറ്റ് കൂടി ചേര്‍ത്തുവെയ്ക്കാന്‍ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യം തന്നെയെന്ന്' ഫിറോസ് ഓർമ്മിക്കുന്നു. 

(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രയിലെ ഇത്തരം അനുഭവങ്ങൾ. വിമാനയാത്രാ അനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവെയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ–മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ.)

English Summary:

Flight Travel Experience Of Pravasi Malayali Firos Nattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com