കുവൈത്തിൽ കൊടുംകുറ്റവാളി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Mail This Article
കുവൈത്ത് സിറ്റി∙ അറസ്റ്റ് നടപടിക്കിടെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ കൊടുംകുറ്റവാളി തലാൽ അൽ അഹമ്മദ് ഷമ്മാരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിൽ പരുക്കേറ്റ പ്രതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 31ന് പൗരത്വരഹിതനായ പ്രതിയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങൾക്ക് എന്തെങ്കിലും വിവരം ലഭിച്ചാൽ 112ൽ അറിയിക്കാനും ആയുധധാരിയായ അപകടകാരിയായ പ്രതിയുമായി ആരും ഒരു തരത്തിലും സഹകരിക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്‍റ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം അടക്കം നിരീക്ഷിച്ച് കൃത്യമായ അന്വേഷണത്തിനുശേഷം ഫിർദേസിൽ ഇയാളുടെ ഒളിത്താവളം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ വെടിയുതിർത്തു. തുടർന്ന് നടപടിക്രമങ്ങൾക്കനുസൃതമായി ഉദ്യോഗസ്ഥർ പ്രതികരിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതി ഉപയോഗിച്ച തോക്കും അധികൃതർ പിടിച്ചെടുത്തു.
"ആരും നിയമത്തിനതീതരല്ല, മാതൃരാജ്യത്തിൻറെയും പൗരന്മാരുടെയും സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥരോട് ചെറുത്തുനിൽപ്പ് നടത്തി സമൂഹത്തിന് ഭീഷണിയുയർത്താൻ ആരെയും ഞങ്ങൾ അനുവദിക്കില്ല. ക്രമസമാധാന പാലനത്തിന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്" – സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ് വ്യക്തമാക്കി.