ADVERTISEMENT

ദുബായ് ∙ സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഇത് ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സ്വദേശിവൽക്കരണത്തിൽ 350%  വളർച്ചയാണ് രേഖപ്പെടുത്തിയത്. 

സ്വദേശിവൽക്കരണത്തിൽ പരിശോധനകൾ ശക്തമാക്കിയെന്നും നിയമ ലംഘകരെ തടയാൻ കഴിഞ്ഞതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
20 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നിർബന്ധമാണ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്.

∙ പ്രാദേശിക ഉൽപന്ന വിപണനം: കൂടുതൽ സഹകരണ സ്ഥാപനങ്ങൾ തുറക്കും 
ഈ വർഷം ദുബായിലെ യൂണിയൻ കോ ഓപ്പറേറ്റീവ് വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കും. കഴിഞ്ഞ വർഷം ഒക്ടോബർ വരെ സഹകരണ സ്ഥാപനങ്ങളിൽ 36% സ്വദേശിവൽക്കരണം നടപ്പാക്കിയതായി യൂണിയൻ കോപ് മേധാവി മുഹമ്മദ് അൽ ഹാഷിമി അറിയിച്ചു. 

എമിറേറ്റിലെ എല്ലാ ശാഖകളിലും കൂടുതൽ സ്വദേശികളെ ഈ വർഷം നിയമിക്കും. വനിതകൾക്കും അവസരം നൽകും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ തസ്തികകളിൽ നിയമിക്കാനാണ് നീക്കം. ഈ വർഷം കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനും പദ്ധതിയുണ്ട്. സ്വദേശിവൽക്കരണം മാത്രമല്ല സ്ഥാപനങ്ങൾ വഴി പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള പദ്ധതികളും തുടരും.

പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനത്തിനാണ് സഹകരണ സ്ഥാപനങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുസ്ഥിര ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകുന്നതാണ് യൂണിയന്റെ  പദ്ധതികൾ. പുതിയ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഭക്ഷ്യ സുരക്ഷാ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുബായിലെ 25% തോട്ടങ്ങളിലെയും ഉൽപന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രതിദിനം എട്ടു മുതൽ 10 ടൺ വരെ ഉൽപന്നങ്ങൾ എമിറേറ്റിലെ സഹകരണ സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്.

65 തരം പഴങ്ങളും പച്ചക്കറികളും ഇവയിൽ ഉൾപ്പെടും. 2008 മുതൽ പ്രാദേശിക ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വാതിലുകൾ സഹകരണ സ്ഥാപനങ്ങൾ സ്വദേശി കർഷകർക്കായി തുറന്നിട്ടുണ്ട്. വിദേശ കമ്പനികളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ ഇതു വഴി സാധിക്കും.

English Summary:

UAE private sector has witnessed a significant workforce growth, with the number of expatriate employees surpassing 1.31 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com