അൽമംസാർ ബീച്ച് രണ്ടാംഘട്ട വികസനം; സ്ത്രീകൾക്ക് പ്രത്യേക മേഖല, രാത്രിയും നീന്താം
Mail This Article
ദുബായ് ∙ അൽമംസാർ ബീച്ചിന്റെ രണ്ടാംഘട്ട വികസന പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. 40 കോടി ദിർഹം ചെലവിലുള്ള വികസനം വർഷാവസാനത്തോടെ പൂർത്തിയാകും. ഇതിൽ വനിതാ ബീച്ചും ഉൾപ്പെടും. സുരക്ഷ ഉറപ്പാക്കാനായി വനിതാ ബീച്ച് പ്രത്യേകം വേലി കെട്ടി വേർതിരിക്കും. ലേഡീസ് ബീച്ചിൽ രാത്രി നീന്താൻ അനുവദിക്കും. സ്പോർട്സ് ക്ലബ്, വാണിജ്യകേന്ദ്രങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളോടെയാണ് ലേഡീസ് ബീച്ച് വികസിപ്പിക്കുക.
സൗകര്യങ്ങളേറെ
അൽ മംസാർ ക്രീക്ക് ബീച്ചിനെയും അൽ മംസാർ പാർക്കിനെയും ബന്ധിപ്പിക്കുന്ന നടപ്പാത, സൈക്കിൾ ട്രാക്ക്, സ്കേറ്റ് ബോർഡ് ഏരിയ, വിശ്രമ മുറികൾ, ശുചിമുറി, വസ്ത്രം മാറാനുള്ള മുറി എന്നിവയുമുണ്ടാകും.
വാട്ടർഫ്രണ്ട് റസ്റ്ററന്റുകൾ, ഫുഡ് ആൻഡ് ബവ്റിജ് ഔട്ട് ലെറ്റുകൾ, ബീച്ച് ഇരിപ്പിടങ്ങൾ, വിനോദഇടങ്ങൾ എന്നിവയും ഒരുക്കും. സന്ദർശകർക്ക് മെച്ചപ്പെട്ട അനുഭവം ഒരുക്കാനാണ് കോർണിഷ് വികസനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
200 മീറ്റർ നീളത്തിൽ നടപ്പാലത്തിലൂടെ ക്രീക്കിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പൊതുജനങ്ങൾക്ക് എളുപ്പം പ്രവേശനം ഉറപ്പാക്കുന്ന പദ്ധതിയും ഉൾപ്പെടും. ഭിന്നശേഷിക്കാർക്കും ബീച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് വികസനം. കുട്ടികൾക്കായി 3 കളിസ്ഥലങ്ങൾ, 2 വിനോദ മേഖലകൾ, ബാർബിക്യൂ സ്പോട്ടുകൾ, ജെറ്റ് സ്കീ മറീനകൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് വികസനം.