അവധിക്കാലത്തിന് വിട: യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ
Mail This Article
അബുദാബി ∙ ശൈത്യകാല അവധി അവധിക്കുശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. ഇന്ത്യൻ സിലബസിലെ സ്കൂളുകൾ മൂന്നാം പാദത്തിലേക്കും പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്നവ രണ്ടാം പാദത്തിലേക്കും കടക്കും. ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ 10, 11, 12 വിദ്യാർഥികൾ റിവിഷൻ ടെസ്റ്റുകളുടെയും പ്രീ മോഡലിന്റെയും തിരക്കിലാകും. സിബിഎസ്ഇ ബോർഡ് പരീക്ഷ അടുത്ത മാസവും എസ്എസ്എൽസി പരീക്ഷകൾ മാർച്ചിലുമാണ് നടക്കുക.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ 2ന് ജോലിയിൽ പ്രവേശിച്ചു തയാറെടുപ്പുകൾ പൂർത്തിയാക്കി. ഡിസ്പ്ലേ ബോർഡ് മാറ്റുക, ഓരോ ക്ലാസുകളിലെയും കുട്ടികളുടെ നിലവാരമനുസരിച്ച് പ്രത്യേക ടീച്ചിങ് പ്ലാൻ തയാറാക്കുക, വാർഷിക പരീക്ഷകളുടെയും ജോലി പൂർത്തിയാക്കുക, പുതിയ അധ്യയന വർഷാരംഭത്തിനാവശ്യമായ പദ്ധതി തയാറാക്കുക എന്നിവയായിരുന്നു അധ്യാപകരുടെ ചുമതലകൾ.
അവധിക്കു നാട്ടിൽ പോയ പലരും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാനനിരക്കുമൂലം തിരിച്ചെത്തിയിട്ടില്ല. നേരത്തേ മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരാണ് നിരക്ക് കുറയുന്നത് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് സ്കൂൾ തുറന്നാലും വിദ്യാർഥികളുടെ ഹാജർ നില കുറവായിരിക്കും.
ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഭൂരിഭാഗം വിമാനക്കമ്പനികളും നിരക്ക് ഉയർത്തി. ക്രിസ്മസ്, പുതുവർഷ തിരക്കിൽ കൂട്ടിയ നിരക്ക് കുറയാൻ ഈ മാസാവസാനം വരെ കാത്തിരിക്കണം. ഇന്നലെ കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റിന് 40,000 രൂപയ്ക്കു മുകളിലായിരുന്നു നിരക്ക്. ഇന്ന് അത് 30,000 രൂപയായി കുറഞ്ഞു. ഈ മാസം 15 ആകുമ്പോഴേക്കും നിരക്ക് ഏതാണ്ട് 16,000 രൂപയായി കുറയും. ഓഫ് സീസണായ ഫെബ്രുവരിയിൽ നിരക്ക് ഇതിലും കുറയുമെന്നാണ് സൂചന.
ഗതാഗതക്കുരുക്ക് കൂടും
സ്കൂൾ തുറക്കുന്നതോടെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണവും തിരക്കും കൂടും. അതനുസരിച്ച് നേരത്തെ പുറപ്പെട്ടാൽ തിരക്കിൽ പെടാതെ കൃത്യസമയത്ത് ലക്ഷ്യത്തിലെത്താം. സ്റ്റോപ് ബോർഡ് ഇട്ട് നിർത്തിയിട്ട സ്കൂൾ ബസ് മറികടക്കരുതെന്നും ഡ്രൈവർമാരോട് പൊലീസ് അഭ്യർഥിച്ചു. നിയമലംഘകർക്ക് 1000 പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.