4 ദിവസമാക്കിയിട്ടും ടിക്കറ്റ് കിട്ടാനില്ല: കോൾഡ് പ്ലേ സംഗീതനിശ ഇന്ന്; പ്രവേശനത്തിന് നിബന്ധനകൾ
Mail This Article
അബുദാബി ∙ ആയിരക്കണക്കിന് ആരാധകർ കാത്തിരുന്ന കോൾഡ് പ്ലേ സംഗീത പരിപാടി ഇന്നു രാത്രി 7.45ന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ തുടങ്ങും. ഇംഗ്ലിഷ് ബാൻഡിന്റെ പരിപാടി തിരക്ക് മൂലം 4 ദിവസമാക്കിയിട്ടും ടിക്കറ്റ് കിട്ടാനില്ല. 11, 12, 14 തീയതികളിലാണ് മറ്റു ഷോകൾ. 45,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ 42,355 പേർക്കാണ് അനുമതി. പരിപാടിക്ക് എത്തുന്നവർ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
∙ പ്രവേശനത്തിന് അനുമതിയുള്ളവർ
5 വയസ്സിൽ താഴേയുള്ളവർക്ക് പ്രവേശനമില്ല. 14 വയസ്സിൽ താഴെയുള്ളവരെ പിച്ചിൽ നിർത്താൻ അനുവദിക്കില്ല. 16 വയസ്സിനു താഴെയുള്ളവർ മുതിർന്നവരോടൊപ്പമാണ് (21 വയസ്സിനു മുകളിലുള്ളവർ) എത്തേണ്ടത്.
∙ ടിക്കറ്റ് ഉറപ്പാക്കണം
വേദിയിലേക്കു പോകുന്നതിനു മുൻപ് ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുക. പ്രവേശനത്തിനുള്ള ക്യൂആർ കോഡും ഫോണിൽ സേവ് ചെയ്തുവയ്ക്കണം. ടിക്കറ്റിൽ പരാമർശിച്ച ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാവൂ. വേദിയിൽ ടിക്കറ്റ് വിൽപന ഉണ്ടാകില്ല. അനധികൃത കച്ചവടക്കാരെ സൂക്ഷിക്കുക.
∙ കുടിവെള്ളം
750 മില്ലിലീറ്റർ കുടിവെള്ള കുപ്പി അനുവദിക്കും. ചില്ല്/ലോഹ കുപ്പികൾ പാടില്ല. ഭക്ഷണം സ്റ്റേഡിയത്തിൽ വാങ്ങാൻ കിട്ടും. തണുപ്പുള്ള കാലാവസ്ഥയിൽ അനുയോജ്യമായ വസ്ത്രം ധരിക്കുക. മൊബൈൽ ഫോണിൽ ചാർജ് ഉണ്ടെന്ന് ഉറപ്പാക്കുക,
∙ പാർക്കിങ് ഇല്ല
സ്റ്റേഡിയത്തിലോ പരിസരത്തോ പാർക്കിങ് ലഭിക്കില്ല. പൊതുജന സൗകര്യാർഥം ഏർപ്പെടുത്തിയ പാർക്ക് ആൻഡ് റൈഡ് പ്രയോജനപ്പെടുത്തണം. അബുദാബിയിൽ ഷഹാമ, സാസ് അൽ നഖൽ, അൽ റഹ്ബ, നേഷൻ ടവർ എന്നിവിടങ്ങിൽനിന്ന് 1.57ന് ഷട്ടിൽ ബസ് പുറപ്പെടും.
∙ ദുബായിൽനിന്ന് ബസ്
ദുബായ് എക്സ്പൊ സിറ്റി പരിസരത്തുനിന്ന് ഉച്ചയ്ക്ക് 12.50ന് ബസ് പുറപ്പെടും. ബസിൽ എത്തിയവരെ ഷോയ്ക്ക് ശേഷം തിരിച്ചും എക്സ്പൊ സിറ്റിയിൽ എത്തിക്കും. ഷോ ടിക്കറ്റ് കാണിക്കണം.
∙ ഓൺലൈൻ ഇടപാട്
ചെറിയ ബാഗുകൾ മാത്രമേ വേദിയിലേക്ക് അനുവദിക്കൂ. പണമിടപാട് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് മുഖേനയോ മൊബൈൽ പേയ്മെന്റോ ആയിരിക്കണം.
∙ നിരോധിത വസ്തുക്കൾ
വലുപ്പമുള്ള ബാഗുകൾ, സെൽഫി സ്റ്റിക്കുകൾ, കുടകൾ തുടങ്ങിയ വസ്തുക്കൾ വേദിയിലേക്ക് അനുവദിക്കില്ല.
∙ സമയം
ഫാൻസോൺ തുറക്കുന്നത് 3ന്. ഗേറ്റുകൾ തുറക്കുന്നത് 5ന് ഫ്രഞ്ച് മോഡേൺ ഹിപ്-ഹോപ്പ് 6ന്. പലസ്തീൻ ഗായിക ഏലിയാന്ന 6:30. കോൾഡ് പ്ലേ 7.45ന്. അവസാന പ്രവേശനം 8.30ന് ഫാൻ സോണുകൾ അടയ്ക്കുന്നത് രാത്രി 12ന്