അബുദാബിയിൽ ആവേശത്തിരയിളക്കി കോൾഡ്പ്ലേ: ‘ഷുക്റൻ ജസീലൻ’... സ്വാഗതം പറഞ്ഞ് ഗായകസംഘം; ആർപ്പുവിളിച്ച് ജനം
Mail This Article
അബുദാബി ∙ ആയിരക്കണക്കിന് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തി അബുദാബിയെ സംഗീത സാന്ദ്രമാക്കി കോൾഡ് പ്ലേ. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലെത്തിയ ജനങ്ങൾ ബ്രിട്ടിഷ് റോക്ക് ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്തും ഏറ്റുപാടിയും തിളങ്ങുന്ന എൽഇഡി റിസ്റ്റ് ബാൻഡ് ഈണത്തിന് അനുസരിച്ച് വീശിയും ഒപ്പം ചേർന്നതോടെ ഗായകൻ ക്രിസ് മാർട്ടിനും സംഘവും പാടിത്തിമിർത്തു.
ഷുക്റൻ ജസീലൻ എന്ന് അറബിക്കിൽ കാണികളെ സ്വാഗതം ചെയ്തും നന്ദി പറഞ്ഞും വേദിയിലെത്തിയ ഗായകസംഘത്തെ കാണികൾ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. ആർപ്പു വിളിച്ചും വിസിലടിച്ചും ആദരമർപ്പിച്ചു. പിന്നീട് ഈണങ്ങൾകൊണ്ടും മാസ്മരിക വാദ്യമേളങ്ങൾകൊണ്ടും ആരാധകഹൃദയത്തിൽ കോൾഡ് പ്ലേ സംഘം ചേക്കേറി.
45,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം കാണികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സംഗീതത്തിന്റെ ആവേശം തണുപ്പിനെയും മറികടക്കുമെന്ന് കാണിക്കുന്നതായിരുന്നു ജനപങ്കാളിത്തം. രാത്രി തണുപ്പ് കൂടിയിട്ടും പരിപാടി തീരും വരെ ജനം സ്റ്റേഡിയത്തിൽ തുടർന്നു.
വൈകിട്ട് 3ന് തന്നെ ഫാൻ സോൺ നിറഞ്ഞിരുന്നു. 5ന് ഗേറ്റ് തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാൽ അതിനു മുൻപുതന്നെ എല്ലാ കവാടങ്ങൾക്കു മുന്നിലും നീണ്ട നിര രൂപപ്പെട്ടു. 6 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറിയത് ജനങ്ങളെ പിടിച്ചിരുത്തി. പരിപാടിക്ക് എത്തുന്നവർക്കായി ദുബായിൽനിന്ന് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം അനുവദിക്കാത്തതിനാൽ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയത് കാണികൾക്ക് സൗകര്യമായി. സംഘത്തിന്റെ അടുത്ത സംഗീത പരിപാടി 11, 12, 14 തീയതികളിൽ ഇതേ വേദിയിൽ നടക്കും.