ഭാര്യ മരിച്ച് മൂന്നാം നാൾ ഭർത്താവും യാത്രയായി; കെ. കുമാറിന് വിടചൊല്ലി പ്രവാസലോകം
Mail This Article
ദുബായ് ∙ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് നാലുപതിറ്റാണ്ടിലേറെ ദുബായിൽ നിറസാന്നിധ്യമായിരുന്ന കെ. കുമാറിന്റെ വിയോഗത്തിൽ തേങ്ങി പ്രവാസി ഇന്ത്യക്കാർ. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായിരുന്ന കെ. കുമാർ പ്രവാസി സമ്മാൻ അവാർഡ് ജേതാവുകൂടിയാണ്. ഏതാനും നാളുകളായി മക്കളായ ആർത്തി, രമ്യ എന്നിവരോടൊപ്പം അമേരിക്കയിൽ കഴിയുകയായിരുന്ന കുമാർ ഇന്നലെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
3 ദിവസം മുൻപാണ് കുമാറിന്റെ ഭാര്യ ബ്രിന്ദ കുമാർ മരിച്ചത്. അബോധാവസ്ഥയിലായിരുന്നതിനാൽ വിവരം കുമാറിനെ അറിയിക്കാൻ സാധിച്ചിരുന്നില്ല.
1971ൽ ദുബായ് പോർട്ട് സർവീസസിൽ ജോലിയിൽ പ്രവേശിച്ച് വിരമിക്കുംവരെ അവിടെ തന്നെ ജോലി ചെയ്ത കുമാർ ഏറെ കാലം ദുബായ് ഇന്ത്യൻ കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി കൺവീനറായിരുന്നു. ഈ കാലഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് ഒട്ടേറെ സഹായം കോൺസുലേറ്റിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെ നേടിക്കൊടുത്തു. ദയാധനം നൽകാനില്ലാതെ ജയിലിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പേരെ സമൂഹത്തിന്റെ സഹകരണത്തോടെ തുക സമാഹരിച്ചു നൽകി മോചിപ്പിക്കാൻ മുന്നിട്ടുനിന്നു. കോൺസുലേറ്റിനുവേണ്ടി ജയിലുകളും ആശുപത്രികളും തൊഴിലാളി ക്യാംപുകളും സന്ദർശിച്ച് ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകി.
നിസ്വാർഥ സേവനത്തിന് ഒരു വ്യക്തിക്ക് ആദ്യമായി പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ലഭിക്കുന്നത് കെ. കുമാറിനായിരുന്നു. ദുബായ് ഇന്ത്യൻ അസോസിയേഷനെ ജനകീയമാക്കിയതിൽ പ്രധാന പങ്കുവഹിച്ചു പത്രമാധ്യമങ്ങളിൽ വരുന്ന പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും കുമാർ പ്രധാന പങ്കുവഹിച്ചു.