നാട്ടിലെപ്പോലെ ഒരു 'സ്വപ്നഭവനം' ന്യൂസീലൻഡിൽ സ്വന്തമാക്കാമോ?; മോർട്ടഗേജുകൾ ഏതെല്ലാം തരം, കാലാവധി എത്ര?– അറിയാം വിശദമായി
Mail This Article
ന്യൂസീലൻഡിലെ പ്രോപ്പർട്ടി വിപണിയെക്കുറിച്ചും പ്രോപ്പർട്ടി സ്വന്തമാക്കാനുള്ള വിവിധ തരം മോർട്ട്ഗേജ് ലോണുകളെക്കുറിച്ചുമാണ് ഇന്നത്തെ മാർക്കറ്റ് പൾസിൽ പ്രതിപാദിക്കുന്നത്. പ്രോപ്പർട്ടി മാർക്കറ്റിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? എന്താണ് നിലവിലെ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് രംഗത്ത് ഒരു പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള കൃപാ ഫിനാൻഷ്യൽ സൊലൂഷൻ ഡയറക്ടർ സിനി സേതു വിശദീകരിക്കുന്നു.
∙ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി റിയൽ എസ്റ്റേറ്റ് വിപണി അസ്ഥിരമാണ്. എങ്ങനെയുണ്ട് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഇപ്പോൾ ? പുതിയ വീട് വാങ്ങിക്കാൻ പറ്റിയ സമയം ആണോ ? നിക്ഷേപത്തിന് പറ്റിയ സമയം ആണോ ?
ഏതൊരു ക്രയ വസ്തു എടുത്താലും വിപണിയിൽ ഏറ്റകുറച്ചിലുകൾ കാണാം. 2021 ലെ കോവിഡിന് ശേഷം പ്രോപ്പർട്ടി മാർക്കറ്റ് ഡൗൺ ആകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്. പൂർണമായും തകരുമെന്ന് കരുതി. എന്നാൽ പലിശ നിരക്ക് കുറഞ്ഞു. 2021 മുതൽ കോവിഡ് കാലത്തിന് ശേഷവും പലിശ നിരക്ക് 1.99 ശതമാനം വരെ കുറഞ്ഞിരുന്നു. അവിടെ നിന്ന് 7.15 മുതൽ 7.45 ശതമാനം വരെ എത്തിയ സമയമുണ്ടായി അതിൽ നിന്ന് ഇപ്പോൾ ഗുണപരമായ മാറ്റമാണ് പ്രകടമാകുന്നത്.
∙ ന്യൂസീലാൻഡിലെ സാമ്പത്തിക മാറ്റങ്ങൾ ഇതിൽ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ടോ?
തീർച്ചയായും. നമ്മുടെ മാർക്കറ്റിൽ നടക്കുന്ന കാര്യങ്ങൾ, ഗവൺമെന്റ് നയങ്ങൾ, മൊത്തത്തിൽ ആഗോള തലത്തിലുള്ള മാറ്റങ്ങൾ ഇതെല്ലാം സ്വാധീനിക്കുമല്ലോ. എല്ലാം കൂടി ചേർന്നാണ് ഈയൊരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ അടുത്ത കാലത്ത്–2021 മുതൽ വിലകയറ്റം നിയന്ത്രിക്കാൻ ശ്രമിച്ചു. അതുകൊണ്ടു തന്നെ നോർമൽ ആയിട്ടുള്ള മാന്ദ്യത്തിലേക്ക് നമ്മൾ പോയിട്ടില്ല.
∙ ക്രെഡിറ്റ് ഫയൽ എത്രമാത്രം പ്രാധാന്യമുള്ളതാണ്. ?
ഇവിടെ ക്രെഡിറ്റ് ഫയൽ എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മൾ ചെയ്യുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ആൾക്കാർ റെന്റിനു പോകുമ്പോൾ തന്നെ അവർ ക്രെഡിറ്റ് പരിശോധിക്കും. അതു പക്ഷേ കുറച്ച് വ്യത്യസ്തമാണ്. ബാങ്ക് ഇപ്പോൾ ചെയ്യുന്നത് എല്ലാം ക്രോസ് വെരിഫൈഡ് ആണ്. വൈദ്യുതി ബിൽ അടയ്ക്കാൻ വിട്ടു പോയെങ്കിൽ ബാങ്ക് അത് ശ്രദ്ധയിൽപ്പെടുത്തും.
∙ മാർക്കറ്റ് റേറ്റിനേക്കാളും നല്ല ഓഫേഴ്സ് നിങ്ങളുടെ വൈദഗ്ധ്യത്തിൽ ചെയ്യാൻ പറ്റുമോ ? എങ്ങനെയാണ് അത് വർക്കാവുന്നത് ?
തീർച്ചയായിട്ടും. കസ്റ്റമറുടെ സാഹചര്യം അടിസ്ഥാനമാക്കിയാണ് നല്ല ഓഫേഴ്സ് നൽകുന്നത്. ഒരു വീട് വിൽക്കാനും വാങ്ങാനും പറ്റിയ മാർക്കറ്റാണ്. അതു പോലെ ലൈഫ് സ്റ്റൈൽ. ലൈഫ് സ്റ്റൈൽ ആദ്യമായിട്ട് മേടിക്കുമ്പോൾ 20 ശതമാനം ഡപ്പോസിറ്റ് മിനിമം വേണം. അല്ലെങ്കിൽ അപ്പ് ഗ്രേഡിങ് ഓപ്ഷനായിരിക്കണം.
∙ എന്താണ് അപ്പ് ഗ്രേഡിങ് ഓപ്ഷൻ നിലവിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത് ? ഇങ്ങനെയൊരു സൗകര്യം മാർക്കറ്റിൽ ഉണ്ടെങ്കിൽ വീട് വാങ്ങുമ്പോൾ ഒരു ഫസ്റ്റ് ഹോം ബയറർക്ക് ഈ ഒരു മാർക്കറ്റിൽ എന്തൊക്കെ നേട്ടങ്ങളാണുള്ളത്?
പലിശ നിരക്ക് കൂടിയ കാലത്ത് മാർക്കറ്റ് ആക്ടിവിറ്റി വളരെ കുറവായിരുന്നു. മാർക്കറ്റിൽ ഒരുപാട് പ്രൊപ്പർട്ടി ലഭ്യമാണ്. ഇതിനെ ബയേഴ്സ് മാർക്കറ്റ് എന്നാണ് പറയുന്നത്. എല്ലാ മാർക്കറ്റും നല്ലതാണ്. കോംപറ്റീഷൻ വളരെ കുറവാണ്. പലതരം ബയേഴ്സ് ഉണ്ട്. വീടിന് വാടക കൊടുക്കുമ്പോൾ യഥാർഥത്തിൽ മറ്റൊരാളുടെ ലോൺ ആണ് അടച്ചു കൊണ്ടിരിക്കുന്നത്. അതിനുപകരമായി അവർക്ക് സ്വന്തമായി വീടു വാങ്ങി അത് നിക്ഷേപമാക്കാം. ഒന്നൊന്നര വർഷമായി നിലവിൽ വിപണിയിൽ മത്സരം കുറവാണ്. നിക്ഷേപകരും ഇല്ലായിരുന്നു. ഗവൺമെന്റ് പോളിസി കൊണ്ടാണത്. അതൊരു നേട്ടമാണ്. സപ്ലൈ കൂടുതലായിരുന്നു. അടുത്ത രണ്ടാം പാദത്തിൽ കൂടുതൽ മാറ്റം പ്രതീക്ഷിക്കാം.
∙ ഫസ്റ്റ് ഹോം ബയേഴ്സിന് വീടു സ്വന്തം ആക്കണം എന്നുള്ളത് ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ ഒന്നു വിശദമാക്കാമോ?
ഫസ്റ്റ് ഹോം ബയേഴ്സ് എന്നു പറയുന്നത് രണ്ട് കാറ്റഗറിയായിട്ടാണ് കാണുന്നത്. അതിൽ ഒന്നാമത്തെ യങ് കപ്പിൾസ്–അതായത് പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിക്കുന്നവർ അല്ലെങ്കിൽ പങ്കാളികളെ കൊണ്ടുവരുന്നവർ. രണ്ടാമത്തേത് കുറച്ചു കാലം മിഡിൽ ഈസ്റ്റിലോ യൂറോപ്പിലോ താമസിച്ചിട്ടു വരുന്നവർ. എല്ലാവർക്കും ആദ്യം വരുമ്പോൾ തന്നെ വീട് മേടിക്കണം. മലയാളികളുടെ ആദ്യ ഡ്രീം തന്നെ വീട് വാങ്ങുക എന്നതാണ്. വീടു വാങ്ങാനുള്ള അവരുടെ യാത്രയിലെ വളരെ പ്രധാനപ്പെട്ട കാര്യം ശരിയായ ജോലി സ്വന്തമാക്കുക എന്നതാണ്. ആദ്യം ഫുൾ ടൈം ജോലി കിട്ടി കഴിഞ്ഞാൽ അടുത്തതായി ചിന്തിക്കേണ്ടത് ഇവിടുത്തെ മാർക്കറ്റ് ആണ്. സാമ്പത്തിക ഉപദേശം തേടുകയും വേണം.
ആദ്യം ചെയ്യേണ്ടത്. ഡൗൺ പെയ്മെന്റ് നൽകുക എന്നതാണ്. ഭൂരിഭാഗം പേർക്കും നാട്ടിൽ നിന്നുള്ള പിന്തുണയുണ്ട്. കുറച്ചു പേർക്കേ അതില്ലാതെയുള്ളു. നാട്ടിൽ നിന്നുള്ള പണം എടുക്കാതെ നോക്കണം. സ്വന്തം പണത്തിൽ നിന്നു വേണം സമ്പാദിക്കാൻ. നല്ല ബാങ്കിൽ അക്കൗണ്ട് എടുത്ത് വേണം സേവിങ് തുടങ്ങാൻ. ബാങ്ക് അക്കൗണ്ടിൽ ഓവർ ഡ്രാഫ്റ്റോ മിസ് പെയ്മെന്റോ ഇല്ലാതെ സൂക്ഷിക്കണം. ശമ്പളം വരുമ്പോൾ തന്നെ വേറെ അക്കൗണ്ടിലേക്ക് മാറ്റി സേവ് ചെയ്യാൻ തുടങ്ങും. അങ്ങനെ വരുമ്പോൾ കറന്റ് ബില്ലൊക്കെ അടയ്ക്കാൻ മറന്നു പോകാൻ സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ട് വിവേകത്തോടെ കൈകാര്യം ചെയ്ത് സാമ്പത്തിക അച്ചടക്കം നിലനിർത്തണം.
ബാങ്ക് നമുക്ക് ഒരു ഓവർ ഡ്രാഫ്റ്റ് തരുന്നുണ്ടെങ്കിൽ, ഒരു ക്രെഡിറ്റ് കാർഡ് തരുന്നുണ്ടെങ്കിൽ അതു നല്ല രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മുടെ എടിഎം കുട്ടിയ്ക്കോ ഭാര്യയ്ക്കൊ കൊടുക്കുകയാണെങ്കിൽ അത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടാണ് കാണുന്നത്. വീടു വാങ്ങാൻ തീരുമാനിച്ചാൽ സുഹൃത്തുക്കളുടെ ഇടയിൽ ചർച്ചകൾ നടന്നാൽ അതിൽ നിന്ന് നല്ല സന്ദേശം മാത്രമെടുക്കുക. ബാങ്കിങ്, സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്ത് വിദഗ്ധ ഉപദേശം തേടണം. എന്ത് വാങ്ങണമെന്നതിനെക്കുറിച്ച് കൃത്യമായ ഐഡിയ ഉണ്ടായിരിക്കണം. വീക്കെൻഡിൽ പലയിടങ്ങളിൽ പോയി പ്രോപ്പർട്ടി കാണണം.
എല്ലാം കണ്ടു മനസിലാക്കണം. ഏത് ഏരിയയിലാണ് താമസിക്കാൻ ഉചിതമെന്ന് കണ്ടെത്തണം. ഓക്ഷൻ എന്താണ്, ഡെഡ് ലൈൻ സെയിൽ എന്താണ്. നെഗോസിയേഷൻ എന്താണ് എന്നെല്ലാം അറിയുന്നതും നല്ലതാണ്. ഇക്കാര്യത്തിൽ നല്ല ഹോംവർക്ക് തന്നെ വേണം. വീടു വാങ്ങുന്നതിനുള്ള അടിസ്ഥാന യോഗ്യതയുടെ കാര്യത്തിൽ ആത്മവിശ്വാസം വേണം. എല്ലാ കാര്യങ്ങളിലും കൃത്യമായ അവബോധം വേണം.
ബയർ സ്വന്തമായി തന്നെ ഹോം വർക്ക് ചെയ്യുക. അവരുടെ തന്നെ ബാങ്കിലെ ഫിനാൻഷ്യൽ അഡ്വൈസറുമായി കൂടിക്കാഴ്ച നടത്തി എലിജിബിലിറ്റിയെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടാക്കണം. ഏത് വീട് ആണ് വേണ്ടതെന്ന് സ്വയം ഷോട്ട് ലിസ്റ്റ് ചെയ്യുക. വാങ്ങൽ നടപടിക്രമങ്ങളെക്കുറിച്ച് നന്നായി പഠിക്കുക എന്നിട്ടു മാത്രമേ ഇതിലേക്ക് കടക്കാവൂ. എത്ര ലാൻഡ് വേണം, ലാൻഡ് ഉള്ള പ്രോപ്പർട്ടി ഏതാണ്. മക്കളുടെ സ്കൂൾ ഏരിയയിലെ പ്രോപ്പർട്ടി കണ്ടുവെയ്ക്കുക. ബാങ്കർ തന്നെ നല്ല ഗൈഡ് ആകും.
∙ ഏതെല്ലാം തരത്തിലുള്ള മോർട്ടഗേജുകളാണ്, എത്ര കാലാവധിക്ക് എടുക്കണം. എന്നെല്ലാം വിശദമാക്കാമോ?
90 ശതമാനം ആൾക്കാരും 20 ശതമാനം ഡപ്പോസിറ്റിൽ വരുന്നവരാണ്. ഓവറോൾ പ്രൊപ്പർട്ടി വാല്യുവിന്റെ 20 ശതമാനം ഉണ്ടെങ്കിൽ റീസിബിൾ ബാങ്കിന്റെ ബഞ്ച് മാർക്കാണ്. റിസ്ക്ക് കൂടുതലുള്ള ലോൺ ആയതുകൊണ്ട് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്–ഡിസിപ്ലിൻ, പ്രൊഫൈൽ, ക്രെഡിറ്റ് പ്രൊഫൈൽ എന്നിവയാണത്. സാമ്പത്തികമായി ഉത്തരവാദിത്തമുണ്ടായിരിക്കും.
അതേസമയം ജോലി മാറിക്കൊണ്ടിരിക്കുക, വീട് മാറിക്കൊണ്ടിരിക്കുക എന്നിവ ക്രെഡിറ്റ് ഫയലിനെ ബാധിക്കുമെന്നതിനാൽ അതു ശ്രദ്ധിക്കണം, 20 ശതമാനത്തിൽ താഴെയുള്ളവർ ചെറിയ സർചാർജ് നൽകണം. ലോ ഇക്വറ്റി പ്രീമിയം, ലോ ഇക്വറ്റി മാർജിൻ എന്നു പറയും. 15 ശതമാനമെങ്കിൽ ചെറിയ മാർജിൻ. പക്ഷേ 10 ശതമാനമുണ്ടെങ്കിൽ കുറച്ചു കൂടും. ഉണ്ടെങ്കിൽ ചെറിയ മാർജിൻ, 10% ഉണ്ടെങ്കിൽ കുറച്ചു കൂടും. പ്രോപ്പർട്ടിയാണ് നമ്മുടെ സെക്യൂരിറ്റി.
∙ ഓവർസീസ് ബയേഴ്സിന് വീടു വാങ്ങിക്കാൻ പറ്റുമോ ? 20%, 30% ഉണ്ടെങ്കിൽ ന്യൂസീലൻഡിൽ പ്രോപ്പർട്ടി വാങ്ങിക്കാൻ പറ്റുമോ ?
നിലവിൽ പൗരന്മാരെ കൂടാതെ ന്യൂസീലാൻഡിൽ ജോലി ചെയ്യുന്ന റസിഡന്റ് വീസ ഉടമകൾക്ക് മാത്രമേ പറ്റു. വിദേശ നിക്ഷേപകർക്ക് റസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ 2 മില്യൻ കുറവിൽ ചെയ്യാൻ പറ്റില്ല.
∙ റസിഡൻറ് വീസയുള്ളവർ പക്ഷേ വേറെ രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് പറ്റുമോ?
പറ്റും. എന്നാൽ വരുമാനം നോക്കും. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വരുമാനത്തിന്റെ സ്കെയിലിങ് അനുസരിച്ചാണ് ലഭിക്കുക.
∙ 10%, 20% ഡപ്പോസിറ്റ് കൊടുക്കുന്ന സ്കെയിൽ നമ്മുടെ കമ്മ്യൂണിറ്റിയുടെ അകത്ത് കുറയുന്നുണ്ടോ, കൂടുന്നുണ്ടോ? അങ്ങനെ കുറയുന്നുണ്ടെങ്കിൽ ഗവൺമെന്റിന്റെ സപ്പോർട്ട് സ്ക്രീമുകളൊക്കെ അവർക്ക് അനുകൂലമാകുമോ?
നമ്മുടെ രാജ്യത്ത് നല്ല കർശന മാനദണ്ഡങ്ങളാണുള്ളത്. 80 മുതൽ 90 ശതമാനം വരെ അതു പാലിക്കാൻ പറ്റുന്നവരാണ്. എജ്യൂക്കേഷനിലും സ്കെയിലിലും പ്രൊഫഷനലിലും ഉള്ളവരാണിവർ. ഡപ്പോസിറ്റിന്റെ കാര്യത്തിലും വളരെ ശക്തമാണ്. 5 ശതമാനം േപരുടെ സമ്പാദ്യ കാര്യങ്ങളിൽ മാത്രമേ പ്രശ്നങ്ങളുള്ളു.
നാട്ടിൽ നിന്നുള്ള പിന്തുണ, സ്വർണം ഇങ്ങനെ പല വഴികളുമുണ്ട്. ഇവയൊന്നുമില്ലാത്തവർക്ക് മറ്റ് ഓപ്ഷനുകളുണ്ട്-കയിൻഗോര പോളിസി. ഇതിന്റെ ആദ്യ വിഭാഗത്തിൽ വരുന്നത് 5 ശതമാനം സ്വന്തം ജോലിയിൽ നിന്നുള്ള സേവിങ്സ് ആയിരിക്കണമെന്നാണ്.രക്ഷിതാക്കളുടെ പിന്തുണ പാടില്ല. ഉത്തരവാദിത്തമില്ലാത്തവർക്ക് എങ്ങനെ വലിയ ലോൺ കൊടുക്കുമെന്നാണ് ബാങ്ക് നോക്കുന്നത്.
∙ എങ്ങനെയാണ് ഗവൺമെന്റ് ഇത്തരം വിഭാഗക്കാരെ ക്വാളിഫൈ ചെയ്യുന്നത് ? ക്വാളിഫൈ ചെയ്യാത്തവർക്കുള്ള സൊലുഷൻ എന്താണ് ?
കയിൻഗോര എന്ന ഒരു ഡിപ്പാർട്ട്മെന്റ് തന്നെയുണ്ട്. കയിൻഗോര ഫസ്റ്റ് ഹോം ലോണിൽ ഏത് പ്രൊപ്പർട്ടിയിലും ലോൺ അപേക്ഷിക്കാം. മിനിമം ഡിപ്പോസിറ്റ് 5 ശതമാനം ആയിരിക്കണം. കഴിഞ്ഞ 1 വർഷമായി ഒരേ ഇൻഡസ്ട്രിയിൽ തന്നെ ജോലി ചെയ്തിട്ടുള്ളവരാകണം. ഒരേ റോളിൽ അല്ലെങ്കിൽ കുറഞ്ഞത് 12 മാസം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്തിട്ടുണ്ടാകണം. കുടുംബത്തിന്റെ മൊത്ത വരുമാനം 10050 ഡോളറിന് മുകളിലും ആയിരിക്കണം.
∙ സാധാരണ നമ്മൾ എടുക്കുന്ന ഒരു മോർട്ട്ഗേജ് 15– 30 വർഷത്തേക്കാണ് എടുക്കുന്നതെങ്കിൽ എങ്ങനെയാണ് ഏർലി റീപേയ്മെന്റ് നമ്മുടെ മൊത്തത്തിലുള്ള പെയ്മെന്റിനെ ബാധിക്കുന്നത്?
30 വർഷത്തേക്കാണ് ചെയ്യുക. ഇത് 2 തരമുണ്ട്. ഫിക്സഡ് ലോണും, ഫ്ലോട്ടിങ് ലോണും ഉണ്ട്. ഒരു നിശ്ചിത തുക മാത്രമേ കൃത്യമായി പറ്റുകയുള്ളു എന്നുള്ളവർക്കാണ് ഫിക്സഡ് ലോൺ നല്ലത്. വേരിയബിൾ എപ്പോഴും ഫ്ലോട്ടിങ് ലോണിലാണ്. എപ്പോൾ വേണമെങ്കിലും ലോൺ പേ ഓഫ് ചെയ്യാം. ഒരു ഡോളർ അധികം കൊടുത്താലും അതു നമ്മുടെ പ്രിൻസിപ്പലിലേക്കാണ് പോകുന്നത്. പലിശയിലേയ്ക്കല്ല. നമ്മുടെ സാഹചര്യം മനസിലാക്കി അതനുസരിച്ചു വേണം ലോൺ സ്ട്രക്ചർ ചെയ്യാൻ. ലോൺ അപ്രൂവലിനേക്കാൾ വലുതാണ് അതിന്റെ സ്ട്രക്ചർ തിരഞ്ഞെടുപ്പ്.
∙ ഫസ്റ്റ് ഹോം ബയേഴ്സ് അല്ലാതെ വീട് ഇൻവെസ്റ്റ്മെന്റ് ആയിട്ട് എങ്ങനെയാണ്, ചിലർക്ക് വീട് റെന്റ് കിട്ടാൻ വേണ്ടി മാത്രമാകാം. കൊമേഷ്യൽ പ്രൊപ്പർട്ടി വാങ്ങിച്ചിട്ട് അത് റെന്റിനു കൊടുത്തിട്ട് കിട്ടുന്ന റിവാർഡായിട്ടായിരിക്കാം. ഇത് എങ്ങനെ കൈകാര്യം ചെയ്യും?
എല്ലാം ഫസ്റ്റ് ഹോമിൽ നിന്നാണ് തുടങ്ങുന്നത്. റിസ്ക് എടുക്കാൻ താൽപര്യമുള്ളവർ ഉണ്ടാകും. അത്തരക്കാർക്ക്് ഒരുപാട് പ്രോപ്പർട്ടികൾ ലഭ്യമാണ്. വ്യത്യസ്ത ബാങ്കുകൾക്ക് വ്യത്യസ്ത പ്രൊഡക്ട് ആണ്. സേവിങ്ങ്സ്, ഇക്വറ്റി സേവ് ചെയ്യും.
∙ നിക്ഷേപകർക്ക് ബാങ്കുകൾ ഏതൊക്കെ തരത്തിലുള്ള പിന്തുണയാണ് നൽകുന്നത്.?
പലിശ മാത്രം അടയ്ക്കാൻ പറ്റുന്ന ലോൺ ഉണ്ട്. കുറഞ്ഞത് 3 വർഷം –5 വർഷം വരെയും കൊടുക്കും. ചില ബാങ്കുകൾ അതിനു ശേഷവും നീട്ടി കൊടുക്കും. അവിടെയാണ് ക്ലൈന്റ് ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത്. ഏതു തരം പ്രോപ്പർട്ടിയാണ് നല്ലത്, പ്രോപ്പർട്ടി, മോർട്ട്ഗേജ് ലോൺ അടയ്ക്കാൻ പ്രാപ്തമാണോ, എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണം, നിക്ഷേപ ഇനങ്ങൾ എന്തൊക്കെ എന്നിവ എല്ലാം ശ്രദ്ധിക്കണം.
∙ എന്തിനാണ് പോർട് പോളിയോ ഉണ്ടാക്കി വലിയ റിസ്ക്ക് എടുക്കുന്നത്.? പാസിവ് ഇൻകം എന്താണ്?
പാസിവ് ഇൻകം എന്നു പറയുന്നത് ഒരു പ്രോപ്പർട്ടി വിറ്റ് മുഴുവൻ ലോണും അടയ്ക്കും. മറ്റ് പ്രോപ്പർട്ടികളിൽ നിന്ന് റെന്റ് ഈടാക്കി റിട്ടയർ ലൈഫ് ജീവിക്കും. അധിക വരുമാനം ഇതിൽ നിന്ന് ലഭിക്കും. വളരെ എളുപ്പമുള്ള ഒന്നാണിത്. ഇതിനായി ലോയേഴ്സ് , ഏജന്റ് എന്നിവരെല്ലാം സഹായിക്കും. വസ്തുക്കൾ വാങ്ങാനും വിൽക്കാനും എളുപ്പമാണ്.
∙ നാട്ടിൽ നമ്മുടെ ഇഷ്ടത്തിനു സ്ഥലം വാങ്ങിക്കാൻ, നമ്മുടെ പ്ലാനിൽ വീട് വാങ്ങിക്കാം, ഇവിടെ അതു പറ്റുമോ?
പറ്റും. ലാൻഡ് മാത്രമാണെങ്കിൽ 50 ശതമാനം ഡെപ്പോസിറ്റ് വേണം. അതിൽ വീടും വെയ്ക്കുന്നതിൽ ബാങ്ക് സഹായിക്കും. ലൈഫ് സ്റ്റൈൽ പ്രൊപ്പർട്ടിക്കു മാർക്കറ്റുള്ള സമയമാണ്. ലൈഫ് സ്റ്റൈൽ ആദ്യമായിട്ട് മേടിച്ചാൽ മിനിമം 20% മാർക്കറ്റിൽ ഡെപ്പോസിറ്റ് റെക്കമെന്റ് വേണം. അല്ലെങ്കിൽ അപ്പ് ഗ്രേഡിങ് ഓപ്ഷനായിരിക്കണം.
∙ എന്താണ് അപ്പ്ഗ്രേഡിങ് ഓപ്ഷൻ ?
നിലവിൽ കൈവശമുള്ള പ്രൊപ്പർട്ടി വിറ്റിട്ട് മറ്റൊരു പ്രൊപ്പർട്ടി വാങ്ങുക. കൈവശമുള്ള പ്രോപ്പർട്ടി ഹോൾഡ് ചെയ്തിട്ട് മറ്റൊന്ന് വാങ്ങുകയാണ് നല്ലത്. അല്ലെങ്കിൽ സെൽ ആൻഡ് ൈബ ഓപ്ഷനിലാണ് അപ്ഗ്രേഡ് വരുക. ചില സാഹചര്യങ്ങളിൽ വിൽപന താമസിക്കും. എന്നാൽ വാങ്ങാനുള്ള വീട് റെഡിയെങ്കിൽ ബ്രിഡ്ജിങ് ലോൺ വെയ്ക്കാം. രണ്ടു െസക്യൂരിറ്റിയും വെച്ചിട്ടുള്ളതാണിത്. എന്നാൽ ഇത് ലാസ്റ്റ് ഓപ്ഷൻ മാത്രമായി വേണം പരിഗണിക്കാൻ. കാരണം. പരമാവധി ഒരു വർഷമേ കിട്ടുകയുള്ളു എന്നതിനാൽ ചെലവു കൂടും. വാങ്ങലും വിൽക്കലും അടുത്തടുത്ത സമയത്താണെങ്കിൽ കൂടുതൽ നല്ലതായിരിക്കണം.
∙ ഡവലപ്മെന്റ് ലോണുകൾ എന്താണ്?
സപ്ലൈ ചില ഏരിയകളിൽ കൂടിവരുന്നുണ്ട്. അടുത്ത ഒരു വർഷത്തിനിടെ സപ്ലൈ കുറയും ഡിമാൻഡ് കൂടും. ഇനിയുള്ള കാലം ഡവലപ്മെന്റ് ലോണുകൾക്ക്് ഡിമാൻഡ് കൂടും. മിനിമം 3 വീടുകൾക്ക് ശേഷം നാലാമത്തെ വീട് എടുത്താൽ ബാങ്ക് അതിനെ ഡവലപ്മെന്റ് ലോൺ ആയി കണക്കാക്കും.
∙ ബാങ്ക് അല്ലാതെ മോർട്ട്ഗേജ് ലഭിക്കാൻ വെറെന്തെങ്കിലും സോഴ്സുകൾ ഉണ്ടോ ?
കിവി ബാങ്ക് പോലെ ടിഎസിടി അല്ലെങ്കിൽ പ്രൈവറ്റ് ബാങ്കുകൾ. ബ്ലൂസ്റ്റേൺ, പെപ്പർ മണി, ലിബേർട്ടി ഇവർക്കൊക്കെ ഫണ്ട് ചെയ്യുന്നത് മെയിൻ ബാങ്കുകൾ തന്നെയാണ് എന്നാൽ ഇവർ റിസർവ് ബാങ്കിന്റെ മുഴുവൻ മാനദണ്ഡങ്ങളും പാലിക്കാത്തവരാണ്. പക്ഷേ ഇവർക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. അറിഞ്ഞോ അറിയാതെ ക്രെഡിറ്റ് ഇഷ്യൂസ് ഉള്ളവർ, സെൽഫ് എംപ്ലോയ്ഡ് ആളുകൾ എന്നിവരാണ് മിക്കപ്പോഴും ഇത്തരം ബാങ്കുകളെ സമീപിക്കുന്നത്.
∙ മാർക്കറ്റ് അസ്ഥിരമാണ്. എന്താണ് മാർക്കറ്റിന്റെ ഫ്യൂച്ചർ ?
എപ്പോഴും വലിയ പോസിറ്റീവായിട്ടാണ് മാർക്കറ്റിനെ കാണുന്നത്. എങ്കിലും ജാഗ്രത വേണം .പലിശ നിരക്ക് കുറയുന്നു. എങ്കിലും ലോൺ സ്ട്രക്ചർ ശ്രദ്ധിക്കണം. പലിശ നിരക്ക്, ഹ്രസ്വകാല–ദീർഘകാല പലിശ നിരക്കും അറിയണം.