ഇൻസ്റ്റഗ്രാമിൽ പരസ്യം നൽകി ട്രേഡിങ്, കൂട്ടിന് 'എഐ'; 2 കോടിയുടെ തട്ടിപ്പ്, മലയാളി അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചു 2 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി പൊലീസ് പിടിയിൽ. കംബോഡിയയിൽ നിന്നു കോൾ സെന്റർ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവിനെ ആണ് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ ട്രേഡിങ് പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. എഐ സഹായത്തോടെ ശബ്ദംമാറ്റി ഫോൺ വിളിച്ച ശേഷം സ്റ്റോക്ക് മാർക്കറ്റിങ് സർവീസ് ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പണം തട്ടുകയായിരുന്നു. തട്ടിപ്പിനായി അക്കൗണ്ട് വിൽപന നടത്തിയയാളെയും സ്വന്തം അക്കൗണ്ട് കമ്മിഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയയാളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ കോൾ സെന്ററുകൾ നിയന്ത്രിക്കുന്നതിൽ പ്രധാനിയായ മനു കംബോഡിയയിൽ ഒരു അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്താണു തട്ടിപ്പ് നടത്തി വന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ കമ്മിഷൻ വ്യവസ്ഥയിൽ യുവാക്കളിൽ നിന്നു വാങ്ങി ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ തട്ടിപ്പ് നടത്തി ക്രിപ്റ്റോകറൻസിയിൽ കൺവെർട്ട് ചെയ്ത് വിദേശത്തേക്കു കടത്തിയതായും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.