ADVERTISEMENT

1996ൽ പുറത്തിറങ്ങിയ ബോളിവുഡ് പ്രണയചിത്രമായിരുന്നു പാപ്പ കെഹ്തേ ഹേൻ. അനുപം ഖേർ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അന്നു രാജ്യമൊട്ടുക്ക് തരംഗം സൃഷ്ടിച്ചു. ജുഗൽ ഹൻസ്‌രാജ്, മയൂരി കാൻഗോ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. ബോളിവുഡിൽ എത്രയോ നായികമാർ ഭാഗ്യം പരീക്ഷിച്ചിരിക്കുന്നു. ചിലർ വലിയ വിജയം നേടി, ചിലർ അമ്പേ പരാജയപ്പെട്ടു. പക്ഷേ മയൂരി തികച്ചും വ്യത്യസ്തയായിരുന്നു. ബിരുദതലത്തിലെ അഡ്മിഷനുകളിൽ ഇന്ത്യയിൽ ഏറ്റവും ശ്രദ്ധ നേടുന്ന സ്ഥാപനമാണ് ഐഐടികൾ.

എൻജിനീയറിങ് തിരഞ്ഞെടുക്കുന്ന പല വിദ്യാർഥികളുടെയും സ്വപ്‌നലക്ഷ്യം ഐഐടികളാകും. ഐഐടി എൻജിനീയർ എന്ന ടാഗ് ഒരു ബ്രാൻഡ്‌നെയിം തന്നെയാണെന്ന് പറയാം. വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഐഐടികൾ ലക്ഷ്യമിട്ട് ജെഇഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷകൾ എഴുതുന്നത്. ഇന്ന് പുതിയ ഐഐടികൾ ഒരുപാടുണ്ട്. എന്നാൽ ഐഐടി പ്രവേശനം ഇതിലും ദുർഘടമായിരുന്നു തൊണ്ണൂറുകളിൽ. അന്ന് പുതിയ ഐഐടികൾ ഇല്ലായിരുന്നു.

ആ സമയത്ത് ഐഐടി പ്രവേശന പരീക്ഷ എഴുതി വിജയിച്ച ആളായിരുന്നു മയൂരി കാൻഗോ. പ്രമുഖ ഐഐടിയായിരുന്ന ഐഐടി കാൺപുരി‍ൽ അഡ്മിഷൻ കിട്ടുമായിരുന്നിട്ടും മയൂരി അതു വേണ്ടെന്നു വച്ചു. ഒരു നടിയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം.

മയൂരി കാൻഗോ. സിനിമയിൽ നിന്ന്.
മയൂരി കാൻഗോ. സിനിമയിൽ നിന്ന്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് മയൂരി ജനിച്ചത്. സ്കൂൾ വിദ്യാ‍ർഥിയായിരിക്കേ 1995ൽ നസീം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.  പാപാ കെഹ്തെ ഹേൻ മയൂരിക്ക് ദേശീയ ശ്രദ്ധ നൽകി. പിന്നീട് ബേതാബി, ഹോഗി പ്യാർ കി ജീത്, ബാദൽ, പാപാ ദി ഗ്രേറ്റ്, ശിക്കാരി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

എങ്കിലും മയൂരി പ്രതീക്ഷിച്ച ഒരു സിനിമാ കരിയർ അവർക്കു ലഭിച്ചില്ല. വിവാഹത്തെത്തുടർന്ന് പിന്നീട് മയൂരി കാംഗോ യുഎസിലേക്കു പോയി. ഇടയ്ക്കുവച്ച് ഹാൾട്ടിലായ തന്‌റെ വിദ്യാർഥി ജീവിതം വീണ്ടും ഗീയറിലേക്കിട്ടു മയൂരി.

യുഎസിലെ ബറൂച് കോളജ് സിക്ക്ലി‍ൻ സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് മാർക്കറ്റിങ് ആൻഡ് ഫിനാൻസ് എന്ന കോഴ്‌സിൽ അവർ എംബിഎ നേടി. 2004 മുതൽ 2012 വരെയുള്ള കാലയളവിൽ അവർ അമേരിക്കയിൽ ജോലി ചെയ്തു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയിൽ വന്ന ശേഷം പെർഫോമിക്‌സ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായി മയൂരി ജോലി നോക്കി, 2019ലാണ് ഗൂഗിൾ ഇന്ത്യയിൽ ഇൻഡസ്ട്രി ഹെഡ് എന്ന തസ്തികയിൽ അവർ നിയമിതയായത്. മാർക്കറ്റിങ്ങിൽ വിദഗ്ധയാണ് മയൂരി. ഒരു മകനുമുണ്ട് ഇവർക്ക്.

English Summary:

Who is Mayoori Kango and why is she trending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com