ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ശ്രമിച്ച യുവതി പൊലീസ് പിടിയിൽ
Mail This Article
ഹൂസ്റ്റൺ ∙ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം രാജ്യം വിടാൻ ശ്രമിച്ച യുവതിയെ ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാവിലെ എയർടെക്സ് ബൗളെവാർഡിലെ ബ്രണ്ടേജ് ഡ്രൈവിൽ വച്ചാണ് 22 കാരിയായ നൈല ഗാംബോവ എന്ന യുവതി ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണമടയുകയായിരുന്നു. അതേസമയം ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നൈലയുടെ കാഡിലാക് കാറിന് മുൻപിലൂടെ കൊല്ലപ്പെട്ട വ്യക്തി ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കുന്നതും ഇയാളെ പ്രതി ഇടിച്ചു തെറിപ്പിക്കുന്നതും വ്യക്തമായത്. ബൈക്ക് പോകുന്നത് പ്രതി കാണാതിരിക്കാൻ റോഡിൽ കാഴ്ച തടസങ്ങളൊന്നും ഇല്ലായിരുന്നുവെന്നും അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം രാജ്യം വിടാനാണ് യുവതി ശ്രമിച്ചതെൃന്നും പൊലീസ് വ്യക്തമാക്കി.
ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നൈല മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുന്നതായും റോഡരികിലെ ക്യാമറാ ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനത്താവളത്തിൽ വെച്ച് നൈലയെ പിടികൂടിയത്. വില്ലോ ബ്രിയർ ഡ്രൈവിന്റെയും ബെബെറി മെഡോസ് ലൈനിന്റെയും ഇന്റർസെക്ഷനിൽ നൈലയുടെ കാർ അശ്രദ്ധമായി കിടക്കുന്നതും പൊലീസ് കണ്ടെത്തി.